പാചകവാതക പ്രതിസന്ധിയെത്തുടർന്ന് വാൻറോസ് ജങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസിൽ വിറകടുപ്പിൽ ഭക്ഷണം
പാചകംചെയ്യുന്ന ജീവനക്കാർ -വൈ.ആർ. വിപിൻദാസ്
തിരുവനന്തപുരം: നാടുമുഴുവൻ പാചകവാതകക്ഷാമത്താൽ നട്ടം തിരിയവെ നഗരത്തിലെ ഹോട്ടലിൽ നിന്ന് പാചകവാതക സിലിണ്ടറുകൾ കവർന്നു. ആര്യശാലയിലെ വി.എസ് ഹോട്ടലിൽ നിന്നാണ് മോഷ്ടാവ് എൽ.പി.ജി സിലിണ്ടർ മോഷ്ടിച്ച് കടത്തിയത്. മോഷണം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. ഹോട്ടലിന്‍റെ അടുക്കളയിലേക്കുള്ള വാതിൽ കള്ളത്താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. ഹോട്ടലിലുണ്ടായിരുന്ന മൂന്ന് സിലിണ്ടറുകളിൽ പകുതി കാലിയായ രണ്ടെണ്ണം ഒഴിവാക്കി നിറസിലിണ്ടർ മോഷ്ടിക്കുകയായിരുന്നു.
ഉടമ രാവിലെ ഹോട്ടൽ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വൈദ്യുതി ഇല്ലാതിരുന്നതിനെത്തുടർന്നുള്ള അന്വേഷണത്തിൽ ഫ്യൂസ് ഊരിയതായി കണ്ടെത്തി. ഈ ഭാഗത്തെ സി.സി.ടി വി കാമറ കണ്ണിൽപെടാതിരുന്നതിനെത്തുടർന്ന് കള്ളൻ ‘ഓപറേഷൻ’ ആരംഭിച്ചു. താമസിയാതെ സി.സി.ടിവി സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ചാക്ക് ഉപയോഗിച്ച് തല മറക്കുകയും കാമറയുടെ ഫോക്കസ് മാറ്റുകയും ചെയ്തു. തുടർന്നായിരുന്നു സിലിണ്ടർ കടത്തിയത്. സംഭവം സംബന്ധിച്ച് ഹോട്ടലുടമയുടെ പരാതിയിൽ ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അതെസമയം, എൽ.പി.ജി ക്ഷാമം രൂക്ഷമായതോടെ തലസ്ഥാനത്തെ പല ഹോട്ടലുകൾക്കും ഷട്ടറിട്ടുകഴിഞ്ഞു. വരും ദിവസങ്ങളിലും കൂടുതൽ ഹോട്ടലുകൾ അടക്കുന്നതോടെ നഗരത്തിലെത്തുന്നവർക്ക് ഭക്ഷണം ലഭിക്കാനും പ്രയാസമാകും. ഇന്ത്യൻ കോഫി ഹൗസ് ഉൾപ്പെടെയുള്ള ഹോട്ടലുകൾ പാചകവാതകം തീർന്നുതുടങ്ങിയതോടെ പാചകം വിറകടുപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. തുറന്നുപ്രവർത്തിക്കുന്ന ഹോട്ടലുകളെല്ലാം വിഭവങ്ങൾ മിക്കതും വെട്ടിക്കുറച്ചിട്ടുണ്ട്.
എൽ.പി.ജി പ്രതിസന്ധി വീടുകളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. പ്രതിസന്ധി എന്ന് തീരുമെന്നതിൽ അനിശ്ചിതത്വമായതോടെ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗവും വീടുകളിൽ വർധിച്ചു. പുതുതായി ഇൻഡക്ഷൻ വാങ്ങാനെത്തുന്നവരുടെ എണ്ണവും വർധിച്ചതായി കടയുടമകൾ പറയുന്നു. ഇൻഡക്ഷൻ കുക്കറിന്‍റെ ഉപയോഗം കൂടുന്നതോടെ വൈദ്യുതി ഉപഭോഗത്തിലും വർധന വരും. വേനൽ കടുത്തതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതിന് പിന്നാലെ വരുന്ന ഇൻഡക്ഷൻ വർധന വഴിയുണ്ടാകുന്ന അധിക ഉപഭോഗവും പ്രതിസന്ധിയാകാനും ഇടയുണ്ട്. ഇതിന് പുറമെ മൈക്രോവേവ് ഓവൻ, എയർ ഫ്രയർ എന്നീ വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്.
പൈപ്പ്വഴി ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയിൽ ജില്ലയിൽ ഈവർഷം 6,000 വീടുകളിൽ ഗ്യാസ് കണക്ഷൻ എത്തിക്കാൻ പദ്ധതി. ജില്ലയിൽ അഞ്ച് പുതിയ സി.എൻ.ജി (കംപ്രസ്ഡ് നാച്യുറൽ ഗ്യാസ്) സ്റ്റേഷനുകളും കൊല്ലം ജില്ലയിൽ രണ്ട് സ്റ്റേഷനുകളും സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് വിതരണ കമ്പനിയായ തിങ്ക് ഗ്യാസ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇതുവരെ 26,500 വീടുകൾക്ക് പി.എൻ.ജി (പൈപ്പ്ഡ് നാച്യുറൽ ഗ്യാസ്) കണക്ഷൻ നൽകിയിട്ടുണ്ട്. ജില്ലയിൽ മൊത്തം 650 കിലോമീറ്റർ നീളമുള്ള പൈപ്പ്ലൈൻ സ്ഥാപിച്ചുകഴിഞ്ഞു. ഇതിലൂടെ 26,500 വീടുകളും 25 വ്യാപാര സ്ഥാപനങ്ങളും പ്രകൃതിവാതക സേവനം ഉപയോഗിക്കുന്നു.
പ്രദേശത്തെ പ്രകൃതിവാതക ആവശ്യകത നിറവേറ്റുന്നതിനായി കൊല്ലം ജില്ലയിലെ ചവറയിൽ ദ്രവ രൂപത്തിൽ നിന്നും കംപ്രസ്ഡ് ഗ്യാസ് ആയി പരിവർത്തിപ്പിക്കുന്ന പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതോടെ തിരുവനന്തപുരം ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിൽ ഗ്യാസ് വിതരണ ശേഷി വർധിപ്പിക്കാനാകും. അടുത്ത വർഷങ്ങളിൽ ജില്ലയിലെ മംഗലപുരം, വിളപ്പിൽ മേഖലകളിലേക്കും നെറ്റ്വർക്ക് വിപുലീകരിക്കാൻ പദ്ധതിയുണ്ട്.
പി.എൻ.ജി നെറ്റ്വർക്കിൽ അഡ്വാൻസ്ഡ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഇത് യഥാർഥ സമയ ഉപഭോഗ വിവരങ്ങൾ ലഭ്യമാക്കാനും കൃത്യമായ ബില്ലിങ് ഉറപ്പാക്കാനും സഹായിക്കും. ഇതോടൊപ്പം നിലവിലുള്ള മെക്കാനിക്കൽ മീറ്ററുകൾക്ക് പകരം പ്രീപെയ്ഡ് ബില്ലിങ് സംവിധാനവും അവതരിപ്പിക്കും. പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോർഡിന്റെ (പി.എൻ.ജി.ആർ.ബി) ദേശീയ പ്രചാരണ 2.0 പരിപാടി കേരളത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്ലാറ്റ് സമുച്ചയങ്ങൾക്കും കണക്ഷൻ നൽകാൻ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.