കോഴിക്കോട്/ബാലുശേരി: മദപ്പാട് കണ്ടതിനെത്തുടർന്ന് പറമ്പിൽ കെട്ടിയിട്ട ആനക്ക് വേണ്ടത്ര പരിചരണം ലഭ്യമാക്കാതെ പീഡനം. ബാലുശ്ശേരിയിലെ ഭാരതി ദിലീപിെൻറ ഉടമസ്ഥതയിലുള്ള 22 വയസ്സുള്ള കൊച്ചു ഗണേശനെന്ന കൊമ്പനാണ് നാലു മാസത്തോളമായി പനങ്ങാട്ട് മുണ്ടക്കര വടക്കേടത്ത് ശിവശങ്കരെൻറ പറമ്പിൽ കഴിയുന്നത്. ചളിയും പിണ്ഡവും നിറഞ്ഞ സ്ഥലത്ത് പിൻകാലുകൾ രണ്ടും കൂട്ടിക്കെട്ടിയ നിലയിലുള്ള കൊമ്പെൻറ കാലുകളിൽ മുറിപ്പാടുമുണ്ട്.
ഏപ്രിൽ 18നാണ് 10 ദിവസത്തേക്ക് കെട്ടാനായി ആനയെ ഇവിടെ എത്തിച്ചത്. വടക്കേടത്ത് ബാബുവിെൻറ പറമ്പിൽ കെട്ടിയിരുന്ന ആന അക്രമം കാണിച്ചതിനെ തുടർന്നാണ് ഇവിടേക്ക് മാറ്റിയത്.
ശുശ്രൂഷക്കായി രണ്ടു പാപ്പാന്മാരുണ്ടായിരുന്നു. രണ്ടാം പാപ്പാൻ കൊടുവള്ളി സ്വദേശി ആദർശിനെ ആന പനമ്പട്ടകൊണ്ടെറിഞ്ഞ് പരിക്കേൽപിച്ചതിനെ തുടർന്ന് ഇവർ ശുശ്രൂഷയിൽനിന്നും പിന്മാറി. ഇതിനുശേഷം വേണ്ടത്ര പരിചരണമോ ഭക്ഷണമോ ലഭിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ടു പാപ്പാന്മാരെത്തി. ഇവർ വന്നതിനുശേഷമാണ് പിൻകാലുകളിൽ മുറിവുണ്ടായതെന്ന് പറമ്പിലെ താമസക്കാരായ വിജേഷും ഹരികൃഷ്ണനും പറഞ്ഞു. ആനയെ കൊണ്ടുപോകാത്തതിെൻറ പേരിൽ സ്ഥല ഉടമ വടക്കേടത്ത് ശിവശങ്കരൻ ബാലുശ്ശേരി പൊലീസിലും ഡി.എഫ്.ഒ, ആർ.ഡി.ഒ, കൊയിലാണ്ടി മുൻസിഫ് കോടതി എന്നിവർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
മദപ്പാട് കണ്ടതിനാൽ ആനയെ തൽക്കാലം മാറ്റാൻ കഴിയില്ലെന്നാണ് ആനയുടമ പറയുന്നത്. കോടതി നിയോഗിച്ച കമീഷൻ സ്ഥലത്തെത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആനയെ പറമ്പിൽ കെട്ടിയതുമൂലം ശിവശങ്കരെൻറ വീട്ടുകാരും സമീപവാസികളും ഭയാശങ്കയോടെയാണ് കഴിയുന്നത്. മാറ്റി തളയ്ക്കുന്നത് അപകടകരമായതിനാലാണ് അവിടെ തന്നെ കെട്ടിയതെന്നും ആവശ്യമായ ഭക്ഷണവും ശുശ്രൂഷയും നൽകുന്നുണ്ടെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഡോക്ടറും ആഴ്ചയിലൊരിക്കൽ പരിശോധന നടത്തുന്നുണ്ടെന്നുമാണ് ആനയുടമ പറയുന്നത്. വെറ്ററിനറി ഡോക്ടറിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയാൽ മൂന്നുദിവസത്തിനകം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.