തൃശൂർ: മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഹാഷിഷ് ഓയിലുമായി രണ്ടു സ്ത്രീകളുൾപ്പെടെ നാലുപേരെ തൃശൂർ സിറ്റി പൊലീസിന്‍റെ ലഹരി വിരുദ്ധ സ്ക്വാഡും തൃശൂർ ടൗൺ ഈസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. അകലാട് കൊട്ടിലിൽ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടിൽ സഫീന (32), പട്ടാമ്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് പിടികൂടിയ ഹാഷിഷ് ഓയിലിന് ചില്ലറ വിപണിയിൽ ഒരു കോടിയോളം രൂപ വില വരും. ആന്ധ്രയിൽനിന്ന് തൃശൂരിലേക്ക് കഞ്ചാവ് എത്തിക്കുന്നതായി തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ വടക്കുന്നാഥ ക്ഷേത്രം തെക്കേ ഗോപുരനടയിൽവെച്ചാണ് ഇവരെ പിടികൂടിയത്. ഒരു കിലോഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്. അഷ്റഫ് ആണ് പ്രധാന പ്രതി. ഇവർ നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവും ആന്ധ്രയിൽനിന്ന് എത്തിച്ച് ചാവക്കാട്, വടക്കേക്കാട് പ്രദേശങ്ങളിലും എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും എത്തിച്ച് വിൽപന നടത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു.
വിദ്യാർഥികൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാരാണ് ഉപഭോക്താക്കൾ. അഷ്റഫിന്‍റെ പക്കൽനിന്ന് എട്ട് കി.ഗ്രാം കഞ്ചാവ് പിടികൂടിയതിന് പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലും രണ്ട് കി.ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയതിന് ചാവക്കാട് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ലഹരി കടത്തുന്നത്. ആന്ധ്രയിൽനിന്ന് കേരളത്തിലേക്കുള്ള യാത്രമധ്യേ പൊലീസ് പരിശോധിക്കുമ്പോൾ സംശയം വരാതിരിക്കാനാണ് സ്ത്രീകളെ കൂടെ കൂട്ടുന്നത്. ദിവസങ്ങൾക്കു മുമ്പ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറുപേരെ പിടികൂടിയിരുന്നു.
ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർമാരായ ഗീതു മോൾ, ദിവ്യ എന്നിവരും ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാകേഷ്, സീനിയർ സി.പി.ഒമാരായ ജീവൻ, പളനിസ്വാമി, എം.എസ്. ലികേഷ്, വിപിൻദാസ്, സുജിത്, ആഷിഷ്, ശരത് എന്നിവരുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.