തിരുവനന്തപുരം: വ്യാജമദ്യക്കടത്ത് നടത്തി വന്നിരുന്ന കൊലക്കേസ് പ്രതിയടക്കം നാലുപേർ എക്സൈസിന്റെ പിടിയിലായി. ഇതിൽ രണ്ടുപേർ ആർ.എസ്.എസ് പ്രവർത്തകരാണ്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സച്ചിന്‍റെ നേതൃത്വത്തിൽ പ്രാവച്ചമ്പലം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കോളിളക്കം സൃഷ്ടിച്ച നരുവാമൂട് ഇരട്ടക്കൊല കേസിലെ പ്രതിയും ആർ.എസ്.എസ് പ്രവർത്തകനുമായ നരുവാമൂട് ചെമ്മണ്ണിൽ കുഴി പഞ്ചമിയിൽ സജു (48), കൊലക്കേസ് പ്രതിയും ആർ.എസ്.എസ് പ്രവർത്തകനുമായ പാപ്പനംകോട് എസ്റ്റേറ്റ് ഗംഗാ നഗറിൽ ഹരിദാസ് (47), നരുവാമൂട് ശ്രീധര നിലയത്തിൽ വിഷ്ണു എസ്. രാജ് (29), നേമം സ്കൂളിന് സമീപം അമ്പലത്തുംവിള വീട്ടിൽ രജിം റഹിം (29) എന്നിവർ പിടിയിലായത്.
ഇവരിൽ നിന്നും വ്യാജ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 25000 രൂപയും നാല് മൊബൈൽ ഫോണുകളും വ്യാജമദ്യം കടത്തിയ ജീപ്പും പിടിച്ചെടുത്തു. ഇവർ നേതൃത്വം നൽകുന്ന വ്യാജമദ്യ മാഫിയ സംഘമാണ് ജില്ലയിൽ വ്യാജമദ്യ വിതരണവും കച്ചവടവും നിയന്ത്രിച്ചിരുന്നതെന്ന് എക്സൈസ് അധികൃതർപറഞ്ഞു. ഒരു കുപ്പി മദ്യത്തിന് 2500 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ഈ ലോക്ഡൗൺ കാലത്ത് ലക്ഷങ്ങളുടെ വ്യാജമദ്യ കച്ചവടം നടത്തിയതായി സംഘം എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്
ആയുധധാരികളായ ക്വട്ടേഷൻ സംഘത്തിന്‍റെ അകമ്പടിയോടെയാണ് സംഘം വ്യാജമദ്യം ചില്ലറ വിൽപനകാർക്ക് എത്തിച്ച് നൽകിയിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, പ്രിവന്‍റിവ് ഓഫിസർ ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, സതീഷ്കുമാർ, വിനോദ്, പ്രശാന്ത് ലാൽ, നന്ദകുമാർ, അരുൺ, ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് സംഘത്തെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.