പാലക്കാട്: ഏകീകൃത തദ്ദേശഭരണവകുപ്പിൽ ലയിപ്പിക്കപ്പെട്ട മുൻ ഗ്രാമവികസന വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർക്ക് അവഗണന. മുൻ ഗ്രാമവികസന വകുപ്പിലെ ഒരു വിഭാഗം ജീവനക്കാരെ ബിരുദയോഗ്യത ഇല്ലെന്ന കാരണത്താൽ പഴയ തസ്തികയിലേക്ക് മടക്കാനുള്ള നടപടികളിലാണ് തദ്ദേശവകുപ്പ്. സെക്രട്ടറി തസ്തികയിലുള്ള 30ഓളം പേരാണ് തിരിച്ചുപോകൽ ഭീഷണിയിലായത്. 2022 ഒക്ടോബർ 27ന് തദ്ദേശവകുപ്പ് സ്റ്റേറ്റ് സർവിസ് നിലവിൽവന്നശേഷം സെക്രട്ടറി തസ്തികയിലേക്കും തുടർന്നുള്ള തസ്തികകളിലേക്കും സ്ഥാനക്കയറ്റം നൽകാൻ എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത.
2014 മുതൽ ഗ്രാമവികസന വകുപ്പിൽ ബിരുദയോഗ്യതയാക്കി സ്പെഷൽ റൂൾസിൽ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. എന്നാലും ഏകീകൃത സർവിസ് റൂൾ നിലവിൽവന്നശേഷം 2023 മുതൽ സ്ഥാനക്കയറ്റം ലഭിച്ചു. എന്നാൽ, സ്ഥാനക്കയറ്റം നിയമപരമായി ക്രമവത്കരിക്കാനും പുതിയവ അനുവദിക്കാനുമായി ചേർന്ന വകുപ്പുതല പ്രമോഷൻ കമ്മിറ്റി ബിരുദയോഗ്യത ഇല്ലെന്ന കാരണത്താൽ ഇവരെ പരിഗണിച്ചില്ല. പകരം പിന്നീട് വന്ന ബിരുദയോഗ്യതയുള്ളവരുടേതിന് അംഗീകാരം നൽകി. ഇതോടെ ഒരുപാട് നിവേദനങ്ങൾ സമർപ്പിച്ച് കാത്തിരിക്കുകയാണ് ഈ ജീവനക്കാർ.
1967 മുതൽ ഗ്രാമവികസന വകുപ്പിലെ വി.ഇ.ഒമാർക്ക് മെറിറ്റ്/സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് ബി.ഡി.ഒ/ബ്ലോ ക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്ക് പ്രമോഷൻ നൽകിയിരുന്നത്. എന്നാൽ, 2011ൽ വകുപ്പിലെ ക്ലർക്കുമാർക്കുകൂടി ഇതേ തസ്തികയിലേക്ക് പ്രമോഷൻ നൽകാൻ സ്പെഷൽ റൂളിൽ ഭേദഗതി വരുത്തിയപ്പോഴുണ്ടായ അപാകത മൂലമാണ് ബിരുദം യോഗ്യതയാക്കി നിശ്ചയിക്കപ്പെട്ടതെന്ന് ഗ്രാമവികസന വകുപ്പ് ജീവനക്കാർ പറയുന്നു. സംഘടനകൾ ഇടപെട്ടെങ്കിലും വകുപ്പ് സംയോജന സമയത്ത് പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകി.
വകുപ്പ് സംയോജനവുമായി ബന്ധപ്പെട്ട് ഇറക്കിയ പുതിയ സ്പെഷൽ റൂളിൽ തദ്ദേശ സെക്രട്ടറി തസ്തികയിലേക്ക് പ്രമോഷൻ നൽകാൻ എസ്.എസ്.എൽ.സി യോഗ്യത മതിയെന്ന് നിശ്ചയിക്കുകയും ചെയ്തു. എന്നാൽ, വകുപ്പുകളിലെ ചട്ടം അടിസ്ഥാനമാക്കിയാണ് സ്ഥാനക്കയറ്റം നൽകേണ്ടതെന്ന തദ്ദേശവകുപ്പ് കത്ത് ചൂണ്ടിക്കാട്ടി പ്രമോഷൻ ക്രമവത്കരണ നടപടികൾ വകുപ്പുതല പ്രമോഷൻ കമ്മിറ്റി തടയുകയായിരുന്നു. ഗ്രാമവികസന വകുപ്പിലെ മുൻ ജീവനക്കാരിൽ 250ൽ താഴെ പേർക്കു മാത്രമേ ബിരുദ യോഗ്യത ഇല്ലാത്തതുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.