തൃശ്ശൂർ: കുതിരാനിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ തുരത്താൻ വനം വകുപ്പ് നടപടി തുടങ്ങി. വയനാട്ടിൽ നിന്നും രണ്ട് കുങ്കിയാനകളെ ഇരുമ്പുപാലത്ത് എത്തിച്ചു. വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് ലോറിയിൽ എത്തിച്ചത്.
കാട്ടുകൊമ്പന്‍റെ ജനവാസ മേഖലയിലേക്കുള്ള വരവ് നിരീക്ഷിക്കുകയാണ് വനം വകുപ്പിന്‍റെ പ്രത്യേക സംഘം ആദ്യം ചെയ്യുക. തുടർന്ന് കുങ്കിയാനകളെ ഉപയോഗിച്ച് പീച്ചി, വാഴാനി വനമേഖലകളിലേക്ക് തുരത്തും. മയക്കുവെടിവെച്ച് പിടിക്കാൻ വനം വകുപ്പ് തൽകാലം തീരുമാനിച്ചിട്ടില്ല.
കുതിരാൻ ഉൾപ്പെടുന്ന ചെങ്കുത്തായ വനമേഖലയിൽ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനയെ തുരത്താൻ എത്രമാത്രം സാധിക്കുമെന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കാട്ടാന കടന്നുവന്ന വഴി സോളാർ ഫെൻസിങ് ഉപയോഗിച്ച് അടക്കും.
അതിനിടെ, വനം വകുപ്പിന്‍റെ ദൗത്യം ഇന്ന് ആരംഭിക്കാനിരിക്കെ ഒറ്റയാൻ ജനവാസമേഖലയിൽ ആക്രമണം നടത്തി. വീടിന് നേരെയാണ് ആക്രമണം നടത്തിയത്.
കാട്ടാന ജനവാസമേഖലയിൽ ഇറങ്ങുന്നതിനാൽ രണ്ടു മാസമായി ജനങ്ങൾ ഭീതിയിലാണ്. ഒരാഴ്ച മുമ്പ് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ എത്തിയ വനം വകുപ്പ് വാച്ചറെ ആന ആക്രമിച്ചിരുന്നു. പിന്നീട് വനം വകുപ്പിന്‍റെ വാഹനത്തിന് നേരെയും കാട്ടാന ആക്രമണം നടത്തിയിരുന്നു.
കാട്ടുകൊമ്പൻ ഭീതി പരത്തിയ സാഹചര്യത്തിലാണ് കാട്ടാനയെ തുരത്താൻ കുങ്കിയാനയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പീച്ചി ഡി.എഫ്.ഒ വനം വകുപ്പിന് കത്തെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.