രാത്രി വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; കണ്ടക്ടറെ പിരിച്ചുവിട്ട്‌ കെ.എസ്‌.ആർ.ടി.സി.

തിരുവനന്തപുരം: രാത്രി ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്ന പരാതിയിൽ കണ്ടക്ടറെ പിരിച്ചുവിട്ട്‌ കെ.എസ്‌.ആർ.ടി.സി. തിരുവനന്തപുരം സെൻട്രൽ യൂനിറ്റിലെ കണ്ടക്ടറെയാണ് സർവീസിൽനിന്നും നീക്കിയത്.

കഴിഞ്ഞ ദിവസം രാത്രി തൃശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന ആർ.പി.ഇ 546 സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം. രാത്രി 9.30ന് അങ്കമാലിക്കും മുരിങ്ങൂരിനും ഇടയിലെ പൊങ്ങം എന്ന സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന രണ്ട് വിദ്യാർഥിനികളെ ഈ സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.

പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥികളായ ഇടുക്കി സ്വദേശിനിക്കും പത്തനംതിട്ട സ്വദേശിനിക്കുമാണ് ദുരനുഭവമുണ്ടായത്. പഠനാവശ്യത്തിനായി എറണാകുളത്തു പോയി മടങ്ങുകയായിരുന്നു ഇവർ. പൊങ്ങത്ത് ഇറങ്ങാനായി ബസ് നിർത്തി നൽകാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. കരഞ്ഞ വിദ്യാർഥിനികളെ പിന്തുണച്ച് സഹയാത്രികർ പ്രതിഷേധിച്ചിട്ടും കാര്യമുണ്ടായില്ല.

ഇതോടെ യാത്രക്കാർ കൊരട്ടി പൊലീസിൽ വിവരം അറിയിച്ചു. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ രാത്രി വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തണം എന്ന ഉത്തരവ് നിലനിൽക്കെ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കടുത്ത നടപടി ഉണ്ടായത്.

Tags:    
News Summary - bus did not stop at the stop requested by the students at night; KSRTC fired the conductor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.