ആലപ്പുഴ: നവകേരള സദസ്സ് യാത്രക്കിടെ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രതികളായ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെ അഞ്ച് പൊലീസുകാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നിൽ ഹാജരായി.
പ്രതികളായ അനിൽകുമാർ, എസ്. സന്ദീപ്, വി.കെ. ഷൈജു, ആർ.അരുൺ, വി.വി. വിപിൻ എന്നിവർ കോടതി നിർദേശപ്രകാരമാണ് ഹാജരായത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസിൽ ആറുമണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 9.40ന് അഭിഭാഷകനൊപ്പമെത്തിയ അഞ്ചംഗസംഘത്തെ ഒരുമിച്ചും ഒറ്റക്കും വിശദമായി ചോദ്യംചെയ്തു. നിയമവിരുദ്ധമായി ആക്രമിച്ചത് എന്തിനെന്നായിരുന്നു പ്രധാന ചോദ്യം. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു മറുപടി. ക്രൂരമായി ആക്രമിക്കാൻ മുൻകൂർ പദ്ധതിയിട്ടിരുന്നുവെന്നും ആരുടെയെങ്കിലും നിർദേശമുണ്ടായിരുന്നോ എന്നും എസ്.ഐ.ടി. ചോദിച്ചു.
തലക്ക് അടിച്ചില്ലെന്നും വി.ഐ.പി സുരക്ഷ പ്രോട്ടോക്കോൾ പ്രകാരം കൈകാലുകൾ ലക്ഷ്യമിട്ടുള്ള ലാത്തി പ്രയോഗമാണെന്ന് നടന്നതെന്നും പ്രതികൾ അവകാശപ്പെട്ടു. എന്നാൽ, അന്വേഷണ സംഘം ഇത് അംഗീകരിച്ചില്ല. വി.ഐ.പി സുരക്ഷയുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുകയാണെന്ന മറുപടിയിൽ പൊലീസുകാർ ഉറച്ചുനിന്നു. മർദനത്തിന് ഉപയോഗിച്ച ലാത്തിയെപ്പറ്റിയുള്ള ചോദ്യത്തിന് ഡ്യൂട്ടിയുടെ ഭാഗമായി അനുവദിച്ചതാണെന്നും തീർന്നപ്പോൾ യൂനിറ്റിൽ തിരിച്ച് നൽകിയെന്നും പറഞ്ഞു.
മുഖ്യമന്ത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലാത്തി കരുതിയത്. അതേസമയം, നേതാക്കളെ മർദിക്കാൻ ഉപയോഗിച്ചത് ലാത്തിയല്ലെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. അതിനാൽ ഉപയോഗിച്ച ആയുധം എന്ത്, ആര് തന്നു, എവിടെ ഒളിപ്പിച്ചു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തും. ചോദ്യംചെയ്യലിന് പ്രതികളെ എപ്പോൾ വേണമെങ്കിലും വിളിച്ചുവരുത്താൻ എസ്.ഐ.ടിക്ക് അനുമതിയുള്ളതിനാൽ അറസ്റ്റിന് തിടുക്കം കാട്ടില്ലെന്നാണ് വിവരം. പ്രതികളെ ചോദ്യം ചെയ്യാനുളള സമയപരിധി ശനി വൈകീട്ട് നാലിന് അവസാനിക്കും.
വധശ്രമക്കുറ്റം ചുമത്തിയ രീതിയിൽ കോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ കുറ്റം നിലനിൽക്കത്തക്ക വിധത്തിലുള്ള മൊഴികളും തെളിവുകളും കണ്ടെത്തുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അതിനിടെ, കേസിന്റെ പേരിൽ വേട്ടയാടൽ നടന്നുവെന്ന് പ്രതികളിലൊരാളായ അനിൽകുമാർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.