തിരുവനന്തപുരം: ശബരില സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിനെതിരെ ഒടുവിൽ നടപടിക്കൊരുങ്ങി സി.പി.എം. ഇതു സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ പത്തനംതിട്ട ജില്ല കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഈ മാസം 15ന് ജില്ല കമ്മിറ്റി യോഗംചേർന്ന് വിഷയം ചർച്ചചെയ്യും. അന്ന് നടപടിയെടുക്കാനാണ് സാധ്യത. പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദേശം. എന്നാൽ പാർട്ടി നേതൃത്വം അദ്ദേഹത്തിന് നൽകിയ പരിഗണന നഷ്ടപ്പെടുന്ന നിലക്കാണ് കാര്യങ്ങൾ.
കഴിഞ്ഞയാഴ്ചയാണ് പത്മകുമാർ പാർട്ടി അംഗത്വം പുതുക്കിയത്. സ്വർണക്കൊള്ള ആരോപണം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സി.പി.എം സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു.
എന്നാൽ നടപടി പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി ശഠിച്ചു. അതിന് പിന്നാലെയാണ് സി.പി.എം തിരുത്തിന് തയാറായത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോന്നി മുന്‍ എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പത്മകുമാറിനെ കഴിഞ്ഞ നവംബര്‍ 20നാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി മാറ്റിയ കേസിലായിരുന്നു അറസ്റ്റ്. തുടർന്ന് ഡിസംബര്‍ രണ്ടിന് ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം കവര്‍ന്ന കേസിലും അറസ്റ്റ് രേഖപ്പെടുത്തി.
ശബരിമലയില്‍ നിന്ന് സ്വര്‍ണം കവരാൻ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്ക് പത്മകുമാർ ഒത്താശ ചെയ്തുവെന്നും കൂട്ടുനിന്നതിലൂടെയും കൃത്യവിലോപം നടത്തിയതിലൂടെയും കൊള്ളക്ക് വഴിയൊരുക്കിയെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പത്മകുമാർ അറസ്റ്റിലായപ്പോൾ തന്നെ ജില്ല കമ്മിറ്റി അംഗത്വത്തിൽ നിന്ന് നീക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും സി.പി.എം നേതൃത്വം തയാറായില്ല.
അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമുൾപ്പെടെ, അന്വേഷണം പൂർത്തിയാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്.
ഈ കേസുകളിൽ മൂന്നര മാസത്തോളം ജയിലിൽ കഴിഞ്ഞശേഷം പുറത്തിറങ്ങിയ പത്മകുമാർ ജാമ്യത്തിലാണ്. പത്മകുമാറിന് ജാമ്യം ലഭിക്കാൻ പ്രത്യേക അന്വേഷണ സംഘം മനഃപൂർവം കുറ്റപത്രം വൈകിച്ചെന്ന ആക്ഷേപവും ഉയർന്നിരുന്നു. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ വിഷയം പാർട്ടിയെ ഗുരുതര പ്രതിസന്ധിയിലാക്കിയിട്ടും പത്മകുമാറിനെ പുറത്താക്കാത്തതില്‍ അണികളും വലിയ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.