തിരുവനന്തപുരം: കാപ്പ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം കോര്‍പറേഷനിലെ വാഴോട്ടുകോണം വാർഡ് ബി.ജെ.പി കൗണ്‍സിലര്‍ ആര്. സുഗതനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി വട്ടിയൂര്‍ക്കാവ് പൊലീസ് വീടുവളഞ്ഞ് പിടികൂടിയ സുഗതനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാൽ സുരക്ഷ കാരണങ്ങളും കാപ്പ കുറ്റങ്ങളിൽ ഏർപ്പെടുന്നവരെ മാറ്റിപ്പാർപ്പിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് വ്യാഴാഴ്ച വിയ്യൂരിലേക്ക് മാറ്റിയത്.
പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിലെ സി.ഐ ആകാശത്തേക്ക് വെടിവെച്ചതിൽ വീഴ്ചയില്ലെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. വെടിവെച്ച സംഭവത്തെ കുറ്റപ്പെടുത്തിയ മന്ത്രി കെ. മുരളീധരനെ തള്ളുന്നതാണ് റിപ്പോർട്ട്. പൊലീസ് നടപടിയെ പൂര്‍ണമായി പിന്തുണക്കുകയും അഭിനന്ദിക്കുകയുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചെയ്തത്. ആറ് വധശ്രമമടക്കം 11 കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ കൈയേറ്റം ചെയ്തതിനു മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ, സുഗതനെ കൗണ്‍സിലില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തി. എൽ.ഡി.എഫ് തിരുവനന്തപുരം കോര്‍പറേഷനില്‍ സമരം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.