കൊച്ചി: മാസപ്പടി കേസിൽ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അവധി ആവശ്യപ്പെട്ട വീണാ വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും നോട്ടീസ് നൽകും. ഹാജരാകേണ്ട അടുത്ത തീയതി വെള്ളിയാഴ്ച വീണയെ അറിയിക്കും.
വെള്ളിയാഴ്ച 11ന് കൊച്ചി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നേരത്തെ നോട്ടീസ് നൽകിയത്. എന്നാൽ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് വീണ ബുധനാഴ്ച ഇ.ഡിക്ക് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു.
ആവശ്യപ്പെടുന്ന രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി നൽകാമെന്നും അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവധി ആവശ്യപ്പെട്ടാൽ മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിൽ അനുവദിക്കുകയാണ് പതിവ്.
ഹാജരാകാൻ പുതിയ തീയതിയും സമയവും നൽകും. മൂന്നു തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാം. കള്ളപ്പണ നിരോധന നിയമം (പി.എം.എൽ.എ) 50ാം വകുപ്പ് പ്രകാരം ലഭിക്കുന്ന സമൻസിൽ കക്ഷി ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ.
ഇ.ഡി നിശ്ചയിക്കുന്ന പുതിയ തീയതിയിൽ വീണ ഹാജരാകേണ്ടി വരും. സമൻസ് ലഭിച്ചാൽ ഇ.ഡി ആവശ്യപ്പെടുന്ന രേഖകൾ നേരിട്ട് ഹാജരാക്കുന്നതിൽനിന്ന് കക്ഷികൾക്ക് വിട്ടുനിൽക്കാൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.