കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ സമൂഹമാധ്യമത്തിൽ വിമർശന പെരുമഴ. നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പാർട്ടിക്കുണ്ടായ തിരിച്ചടിക്കു പിന്നാലെ തുടങ്ങിയ വിമർശനമാണ് പരകോടിയിലെത്തിയത്. പരാജയങ്ങളുടെ ഉത്തരവാദിത്തം ജില്ല സെക്രട്ടറിക്കാണെന്നും പാർട്ടിയുടെ തിരിച്ചുവരവിന് ഇദ്ദേഹത്തെ മാറ്റുക മാത്രമാണ് പരിഹാരമെന്നുമുള്ള നിലക്കാണ് വിമർശനങ്ങളേറെയും.
സൈബറാക്രമണം ശക്തമായതോടെ പ്രതിരോധവുമായി നേതാക്കളും രംഗത്തെത്തി. സംസ്ഥാന സമിതിയംഗം എ.എൻ. ഷംസീർ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എം.എൽ.എ, സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റംഗം കാരായി രാജൻ എം.എൽ.എ തുടങ്ങിയവരാണ് രാഗേഷിന് പ്രതിരോധം തീർത്ത് രംഗത്തുവന്നത്. എന്നാൽ, ഇവരുടെ പോസ്റ്റിനുള്ള കമന്റുകളിലേറെയും രാഗേഷിന് എതിരാണ്.
അതേസമയം, പരാജയ ഉത്തരവാദിത്തം രാഗേഷിന് അല്ലെന്നും പിണറായി വിജയനും എം.വി. ഗോവിന്ദനും ആണെന്ന് ചൂണ്ടിക്കാട്ടി എം.എൽ.എമാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും രംഗത്തുണ്ട്.
നെറികെട്ട ആക്രമണങ്ങൾക്കെതിരെ ജാഗ്രത പുലർത്തി സഖാക്കൾ പ്രതികരിക്കണമെന്നാണ് എ.എൻ. ഷംസീർ സമൂഹമാധ്യമ കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്. പാർട്ടി സെക്രട്ടറിയെ തകർക്കാനോങ്ങിയാൽ തീയാവണമെന്നും കാട്ടുതീയാവേണ്ടിവരുമെന്നുമാണ് കാരായി രാജന്റെ മുന്നറിയിപ്പ്. പാർട്ടിയെ ദുർബലപ്പെടുത്തണമെങ്കിൽ ആദ്യം ജില്ല സെക്രട്ടറിയെ എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് സനോജിന്റെ പോസ്റ്റ്.
പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ സ്ഥാനാർഥി നിർണയത്തിൽ കണ്ണൂർ ജില്ല കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തലും ചർച്ചയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും രാഗേഷിന് ‘അനുകൂല’മായി വന്നത്.
തളിപ്പറമ്പിലും പയ്യന്നൂരിലും പി.കെ. ശ്യാമളയെയും ടി.ഐ. മധുസൂദനനെയും മത്സരിപ്പിക്കുന്നതിനെ കുറിച്ച് ജില്ല കമ്മിറ്റികളിൽ എതിർപ്പുണ്ടായതാണെന്നും അതെല്ലാം മറികടന്നാണ് തീരുമാനമുണ്ടായതെന്നും ഇരുവരും പറഞ്ഞു. പിണറായിയോടും എം.വി. ഗോവിന്ദനോടും ചോദിച്ചാണ് രണ്ടിടത്തും സ്ഥാനാർഥികളുടെ പേര് കെ.കെ. രാഗേഷ് നിർദേശിച്ചതെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.