സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്കും ഫി​റ്റ്ന​സ്

വിദ്യാഭ്യാസം ഹൈടെക്കായ കാലത്തും അടിസ്ഥാന സൗകര്യംപോലും ഇല്ലാത്ത വിദ്യാലയങ്ങൾ ജില്ലയിൽ നിരവധിയാണ്. ശുചിത്വമില്ലാത്ത അടുക്കളയും മൂത്രപ്പുരകളും പാമ്പ് കയറുന്ന ക്ലാസ് മുറികളുമുള്ള വിദ്യാലയങ്ങൾക്ക് 'കൈമടക്ക്' വാങ്ങി ഫിറ്റ്നസ് നൽകുന്നവർ വിദ്യാർഥികളുടെ സുരക്ഷ പരിഗണിക്കുന്നില്ല. കണക്കൊപ്പിച്ച് നടപടിയിൽ നിന്നും രക്ഷപ്പെടുന്ന വിദ്യാലയങ്ങളിൽ വിദ്യാഭ്യാസത്തിന്റെ പേരിൽ നടക്കുന്ന അഭ്യാസങ്ങളെ കുറിച്ച് 'മാധ്യമം' നടത്തുന്ന അന്വേഷണം ഇന്ന് മുതൽ

വെള്ളമുണ്ട: മഴ തുടങ്ങിയാൽ ചൂടു വസ്ത്രങ്ങൾ ഇട്ട് മാത്രം ക്ലാസിലിരിക്കേണ്ടി വരിക. മഴച്ചാറ്റലടിച്ച് പുസ്തകങ്ങൾ പോലും നാശമാകുന്ന അവസ്ഥയുണ്ടാവുക. ഉത്തരേന്ത്യയിലെ ക്ലാസ് മുറികളിലെ അവസ്ഥയല്ല ഇവയൊന്നും!. വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ ചിലതെല്ലാം ഇപ്പോഴും പരിതാപകരമാണ്. ഇഴജന്തുക്കൾക്കടക്കം കയറാൻ പാകത്തിൽ ജനൽപാളി പോലുമില്ലാത്ത ക്ലാസ്മുറികൾക്ക് ഫിറ്റ്നസ് നൽകുന്ന ഉദ്യോഗസ്ഥരും ഭരണകൂടവുമുള്ള നാട്ടിൽ കുഞ്ഞുങ്ങളുടെ ദുരിതങ്ങൾക്ക് എന്തുവില?.

ഒട്ടും സുരക്ഷിതമല്ലാത്ത ക്ലാസ മുറികൾ വിദ്യാർഥികളുടെ ജീവന് തന്നെ ഭീഷണിയുയർത്തുമ്പോഴും നടപടികൾ ഉണ്ടാകുന്നില്ല. തകർന്നുവീഴാറായ സ്കൂൾ കെട്ടിടങ്ങൾക്കടക്കം കൈക്കൂലി വാങ്ങി ഫിറ്റ്നസ് നൽകുന്ന നടപടി വ്യാപകമായതാണ് സുരക്ഷിതമല്ലാത്ത ക്ലാസ് മുറികൾ ഇപ്പോഴും നിലനിൽക്കുന്നതിന് പിന്നിലെന്നാണ് പരാതി. ജില്ലയിലെ പല ഭാഗങ്ങളിലും നിരവധി വിദ്യാലയങ്ങളാണ് സുരക്ഷിതമല്ലാത്ത നിലയിൽ ഇപ്പോഴും പ്രവർത്തിക്കുന്നത്. പല വിദ്യാലയങ്ങളിലും തികച്ചും അപകടകരമായാണ് വിദ്യാർഥികൾ സ്കൂളിലിരിക്കുന്നത്. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ചുമരും തറയും ഇവിടുത്തെ കാഴ്ചകളാണ്. അപകട ഭീഷണിയിലുള്ള കെട്ടിടങ്ങൾ നന്നാക്കുന്നതിനും വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് രക്ഷിതാക്കൾ ബാലാവകാശ കമീഷനടക്കം പരാതി നൽകിയിരുന്നു. എന്നാൽ, സ്കൂളിലെത്തി അന്വേഷണം നടത്താൻ പോലും അധികൃതർ തയാറായിരുന്നില്ല. ബന്ധപ്പെട്ടവരിൽ നിന്നും കൈമടക്കും വാങ്ങി പരാതി ചവറ്റ് കൊട്ടയിലെറിയുകയാണ് അധികൃതർ ചെയ്തതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

സർക്കാർ വിദ്യാലയങ്ങളിലധികവും ഹൈടെക്കായി മാറുമ്പോൾ എയ്ഡഡഡ് വിദ്യാലയങ്ങളിൽ ചിലതാണ് ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നത്. പെരുച്ചാഴി കിളച്ചുമറിച്ച മുറികളും പരിസരവും ഇഴജന്തുക്കളുടെ വാസകേന്ദ്രവുമാണ് പല ക്ലാസ് മുറികളും. സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്ന് വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ക്ലാസ് മുറികളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന അടിയന്തര ഉത്തരവിറക്കിയിരുന്നു. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും അംഗനവാടികളിലും ബന്ധപ്പെട്ടവര്‍ പരിശോധന നടത്തി പൊട്ടിപൊളിഞ്ഞ ക്ലാസ് മുറികള്‍ അടിയന്തരമായി നന്നാക്കാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാൽ പരിശോധനകളും നടപടികളും കാലങ്ങളായി പ്രഹസനമായ അനുഭവങ്ങളാണ് ഇതുവരെ ജില്ലയിലുള്ളത്.

തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ അതത് പരിധിയിലെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. തദ്ദേശ സ്ഥാപനത്തിലെ എൻജിനീയർ വിദ്യാലയം സന്ദര്‍ശിച്ച് കെട്ടിടങ്ങളുടെയും ക്ലാസ് മുറികളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതായി ഉറപ്പുവരുത്തണം. സുരക്ഷ പരിശോധന നടത്തി വിദ്യാഭ്യാസ സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടുള്ള പരിശോധന രജിസ്റ്ററില്‍ ഫിറ്റ്‌നസ് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യണം. അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുകയും പരിശോധനക്ക് ഹാജറാക്കേണ്ടതുമാണെന്നും ഉത്തരവിൽ പറയുന്നു. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾക്ക് മുറപോലെ ഫിറ്റ്നസ് നൽകുന്ന അധികൃതർതന്നെ അന്വേഷണം നടത്തുമ്പോൾ അതിൽ എത്രതോളം ആത്മാർഥത ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം.

ഏത് നിമിഷവും തകർന്നു വീഴാൻ പാകത്തിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങൾക്കടക്കം ഫിറ്റ്നസ് നൽകിവരുന്നുണ്ട്. ജീവന് ഭീഷണിയാവുന്ന വിധത്തിലുള്ള ഈ നടപടികൾ ആരും ശ്രദ്ധിക്കാതെ പോയത് അധികൃതരുടെ വീഴ്ച തന്നെയാണ്. കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കളും ആശങ്കയിലാണ്. കഴിഞ്ഞ ദിവസം വെള്ളമുണ്ട എ.യു.പി സ്കൂളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഈ ആശങ്ക യോഗ പ്രമേയമായി രക്ഷിതാക്കൾ ഉയർത്തി കാട്ടിയിരുന്നു. സ്കൂളുകളുടെ ഫിറ്റ്നസും മറ്റ് പശ്ചാത്തല സൗകര്യങ്ങളും യഥാസമയം പരിശോധിക്കപ്പെടണം എന്ന ആവശ്യം ശക്തമാണ്.

(തുടരും)

Tags:    
News Summary - Fitness for unsafe school buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.