തലച്ചുമടായി മത്സ്യം വില്‍ക്കുന്ന സ്ത്രീകള്‍ക്ക് ബാങ്ക് വായ്പ ലഭ്യമാക്കണമെന്ന് വനിത കമീഷന് മുന്നിൽ മൽസ്യത്തൊഴിലാളികൾ

കൊല്ലം: തലച്ചുമടായി മത്സ്യം വില്‍ക്കുന്ന സ്ത്രീകള്‍ക്ക് ബാങ്ക് വായ്പ ലഭ്യമാക്കണമെന്ന് വനിത കമീഷന് മുന്നിൽ മൽസ്യത്തൊഴിലാളികൾ. ലോൺ അടച്ചു തീര്‍ത്താലും തുടര്‍ന്ന് വായ്പ നല്‍കാത്തതിന് പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലം പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളില്‍ നടത്തിയ പബ്ലിക് ഹിയറിങിലാണ് മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചത്.

ഹാര്‍ബറില്‍ നിന്നും മത്സ്യം വാങ്ങി വില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്ക് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക വാഹനം സജ്ജമാക്കണം. ദൂരസ്ഥലങ്ങളിലേക്ക് ഓട്ടോയിലും മറ്റും മത്സ്യം കൊണ്ടുപോകുന്നതിന് വലിയ തുക കൂലി നല്‍കേണ്ടി വരുന്നുണ്ട്. ഇതിനു പുറമേ, തലച്ചുമടായി കൂടുതല്‍ ദൂരം ബസിലും മറ്റും കയറി ഇറങ്ങി വലിയ ഭാരവുമായി സഞ്ചിരിക്കേണ്ടി വരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

ഹാര്‍ബറില്‍ നിന്നും മത്സ്യം വാങ്ങുമ്പോള്‍ മോശം മത്സ്യം ഇടകലര്‍ത്തി നല്‍കുന്നതും ഇതു ചോദ്യം ചെയ്യുമ്പോള്‍ സ്ത്രീകളെ അസഭ്യം പറയുന്നത് തടയണം. തലച്ചുമടായി മത്സ്യം വിപണനം ചെയ്യുന്നവര്‍ക്ക് ക്ഷേമനിധി ആനുകൂല്യം ലഭ്യമാക്കണം. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ച് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ തീരദേശ ജനതക്കിടയില്‍ അവബോധം നല്‍കണം.

ഹാര്‍ബറില്‍ കൃത്യമായി മത്സ്യം തൂക്കി നല്‍കുന്നതിന് സംവിധാനം ഒരുക്കണം. പുലര്‍ച്ചെ രണ്ടിന് ഹാര്‍ബറില്‍ മീന്‍ വാങ്ങുന്നതിന് പോകുന്നതിന് വനിതാ മത്സ്യ തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യം വേണം. ആരോഗ്യപ്രശ്‌നമുള്ളവര്‍ അവര്‍ക്കു ബുദ്ധിമുട്ടില്ലാത്ത സ്ഥലങ്ങളില്‍ ഇരുന്ന് മീന്‍ കച്ചവടം ചെയ്യുന്നത് മറ്റു കച്ചവടക്കാര്‍ അനുവദിക്കാത്ത സ്ഥിതിക്ക് പരിഹാരം വേണം.

അനുബന്ധ മത്സ്യ തൊഴിലുകള്‍ ചെയ്യുന്നവരേയും മത്സ്യതൊഴിലാളികളായി തന്നെ കണക്കാക്കണം. ഇവര്‍ക്കും മക്കള്‍ക്കും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം. ഗുണഭോക്താക്കള്‍ നേരിട്ട് ഹാര്‍ബറില്‍ വന്ന് മത്സ്യം വാങ്ങുമ്പോള്‍, ചില്ലറ വില്‍പ്പന നടത്തുന്ന മത്സ്യ തൊഴിലാളികള്‍ക്ക് മീന്‍ വിറ്റഴിക്കാന്‍ സാധിക്കാതെ നഷ്ടം നേരിടുന്നതിന് പരിഹാരം വേണം.

കോവിഡ് കാലത്ത് തൊഴില്‍ നഷ്ടമായവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അതിന് പരിഹരം വേണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമീഷന്‍ മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്ക് ഉറപ്പു നല്‍കി. 

Tags:    
News Summary - Fishermen before the Women's Commission to provide bank loans to women who sell fish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.