ആലപ്പുഴ: തുറവൂർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനായി പോയ അഗ്നിരക്ഷാസേനയുടെ വാഹനത്തിന് വഴി മുടക്കി സഞ്ചരിച്ച കാർ ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ആറ് മാസത്തേക്കാണ് ലൈസൻസ് സസ്‌പെന്റ് ചെയ്തത്. ലൈസൻസ് സസ്‌പെൻഷന് പുറമെ കുത്തിയത്തോട് സ്വദേശിയായ വാഹന ഉടമയോട് അഞ്ചുദിവസം മലപ്പുറം എടപ്പാളിലുള്ള ഗതാഗത വകുപ്പിന്റെ ഡ്രൈവിങ് പരിശീലന ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, പനി കൂടിയ തന്റെ മകനുമായി ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നുവെന്നും ആ ടെൻഷനിൽ വാഹനമോടിച്ചതിനാൽ പിന്നിൽ നിന്നുള്ള വാഹനത്തെ ശ്രദ്ധിക്കാൻ സാധിച്ചില്ലെന്നുമാണ് വാഹന ഉടമ ഗതാഗത വകുപ്പിന് നൽകിയിരിക്കുന്ന വിശദീകരണം. ഈ വിശദീകരണം എം.വി.ഡി ഉദ്യോഗസ്ഥർ മുഖവിലക്ക് എടുത്തിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ശ്രദ്ധക്കുറവിന്റെ തീവ്രത കണക്കിലെടുത്താണ് ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തതും പരിശീലന ക്ലാസിൽ പങ്കെടുക്കാനും നിർദേശം നൽകിയത്.
തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻതീപിടിത്തമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ആശുപത്രിയിലേക്ക് രക്ഷാപ്രവർത്തനത്തിനായി പോകുകയായിരുന്ന അഗ്നിരക്ഷാസേനയുടെ വാഹനത്തിനാണ് മാർഗതടസ്സമുണ്ടാക്കിയത്. തുറവൂർ താലൂക്ക് ആശുപത്രിയിലെ തീയണക്കാനായി പോയ അഗ്നിരക്ഷാസേനയുടെ ആലപ്പുഴ യൂനിറ്റിന്റെ വാഹനത്തിനാണ് കാർ യാത്രക്കാരൻ മാർഗതടസം സൃഷ്ടിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ മരുന്ന് സൂക്ഷിച്ച കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. ഈ വിവരമറിഞ്ഞാണ് ആലപ്പുഴയിൽനിന്നുള്ള അഗ്നിരക്ഷാസേന പുറപ്പെട്ടത്. എന്നാൽ, യാത്രക്കിടെ ഒരു കാർ അഗ്നിരക്ഷാസേനാ വാഹനത്തിന്റെ വഴിമുടക്കുകയായിരുന്നു. കെ.എൽ.32.വി.7934 എന്ന നമ്പറിലുള്ള കാറാണ് ഏറെദൂരം അഗ്നിരക്ഷാസേന വാഹനത്തിന് വഴിനൽകാതെ സഞ്ചരിച്ചത്. സൈറൺ മുഴക്കിയിട്ടും നിരന്തരം ഹോണടിച്ചിട്ടും കാർ വഴിനൽകിയില്ല. ഒടുവിൽ അൽസമയം കഴിഞ്ഞാണ് അഗ്നിരക്ഷാസേനക്ക് കാറിനെ മറികടന്ന് മുന്നോട്ടു പോകാൻ സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.