ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച തിരുവനന്തപുരം കോർപറേഷൻ ഓഫിസിൽ ജോലിക്കെത്തിയവർ

ഫയൽ തീർപ്പാക്കൽ: അവധിക്കും ജോലി ചെയ്ത് സർക്കാർ ജീവനക്കാർ

തിരുവനന്തപുരം: സർക്കാർ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ അവധിദിനമായ ഞായറാഴ്ചയും ജോലിചെയ്ത് സർക്കാർ ജീവനക്കാർ. സെക്രട്ടേറിയറ്റ്, കലക്ടറേറ്റുകൾ, റവന്യൂ ഓഫിസുകൾ, തദ്ദേശ സ്ഥാപനങ്ങൾ അടക്കം പ്രധാന ഓഫിസുകളെല്ലാം പ്രവർത്തിച്ചു. കനത്ത മഴയായിട്ടും 70 ശതമാനത്തിലേറെ ജീവനക്കാർ ഹാജരായി.

ഫയൽ തീർപ്പാക്കൽ പരിപാടിയുടെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മാസം ഒരു അവധിദിനം ഫയൽ തീർപ്പാക്കാൻ നീക്കിവെക്കണമെന്ന് നിർദേശിച്ചത്. ഇതിന് പിന്നാലെ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി. അവരെല്ലാം ജൂൺ മൂന്ന് പ്രവൃത്തിദിനമാക്കാൻ സഹകരിക്കുകയായിരുന്നു. സ്കൂൾ അവധി ആയതിനാൽ സെക്രട്ടേറിയറ്റിൽ ചില ഉദ്യോഗസ്ഥർ കുട്ടികളുമായാണ് എത്തിയത്. പരമാവധി ഫയലുകളിൽ തീർപ്പാക്കാൻ അവധിദിനത്തിലെ ജോലിവഴി കഴിഞ്ഞതായി സംഘടനാ നേതാക്കൾ പറഞ്ഞു.

സെക്രട്ടേറിയറ്റിൽ ജീവനക്കാർക്കായി കാന്‍റീൻ, കോഫി ഹൗസ് എന്നിവ പ്രവർത്തിച്ചു. പൊതുജനങ്ങൾക്ക് ഞായറാഴ്ച ഓഫിസുകളിൽ വരാൻ അനുമതി ഉണ്ടായിരുന്നില്ല. കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്റ്റംബർ 30നകം തീർപ്പാക്കാനാണ് സർക്കാർ നിർദേശം. നിയമസഭ സമ്മേളനം, ഓണാവധി എന്നിവ വരുന്നതിനാലാണ് സെപ്റ്റംബർ 30 വരെ നിശ്ചയിച്ചത്.

ഓരോ വകുപ്പും ഫയൽ തീർപ്പാക്കാൻ പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. തീർപ്പാക്കുന്ന ഫയലുകളുടെ വിവരങ്ങൾ വകുപ്പ് മേധാവികൾക്ക് നൽകും. ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകളുടെയും കണക്ക് തയാറാക്കി മന്ത്രിസഭക്ക് നൽകും. മന്ത്രിസഭ മാസത്തിലൊരിക്കൽ ഇത് ചർച്ച ചെയ്യും. തീർപ്പാക്കുന്ന ഫയലുകൾ സംബന്ധിച്ച് അവസാനം റിപ്പോർട്ട് പുറത്തിറക്കാനും സർക്കാർ തീരുമാനിച്ചു. കോവിഡ് കാലത്തെ നിയന്ത്രണങ്ങളെ തുടർന്നാണ് ഫയലുകൾ കെട്ടിക്കിടക്കാൻ ഇടയായത്. 

Tags:    
News Summary - File settlement: Govt employees working on leave day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.