തൃശൂർ: ബി.ജെ.പി കൂടുതൽ പ്രതീക്ഷ വെക്കുന്ന കോർപറേഷനുകളിലൊന്നായ തൃശൂരിൽ ഗ്രൂപ്പുപോരിൽ സിറ്റിങ് കൗൺസിലറായ ജില്ല നേതാവിന് അവസാന നിമിഷം സീറ്റ് നഷ്ടമായി. മേയർ സ്ഥാനത്തേക്കടക്കം ഉയർത്തിക്കാട്ടപ്പെട്ടിരുന്ന പൂങ്കുന്നത്തുനിന്നുള്ള കൗൺസിലർ വി. ആതിരയെയാണ് സ്ഥാനാർഥിപ്പട്ടികയിൽനിന്ന് വെള്ളിയാഴ്ച ഒഴിവാക്കിയത്.
സംസ്ഥാന സെക്രട്ടറി എം.ടി. രമേശ് പ്രഖ്യാപിച്ച രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ രണ്ടാം ഡിവിഷനായ കുട്ടംകുളങ്ങരയിലാണ് ആതിരക്ക് സീറ്റ് നൽകിയിരുന്നത്. എന്നാൽ, നാമനിർദേശപത്രിക സമർപ്പണം അവസാനിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ആതിരയെ ഒഴിവാക്കി ആർ.എസ്.എസ് നേതാവിന്റെ മകളെ സ്ഥാനാർഥിയാക്കുകയായിരുന്നു. ആർ.എസ്.എസ് ജില്ല സംഘചാലകായിരുന്ന മഹാദേവിന്റെ മകൾ എം. ശ്രീവിദ്യയാണ് സ്ഥാനാർഥി.
പ്രാദേശിക എതിർപ്പും വിഭാഗീയതയുമടക്കമുള്ള കാരണങ്ങളാലാണ് അവസാന നിമിഷം ആതിരയെ മാറ്റിയതെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അടക്കം പങ്കെടുത്ത ചടങ്ങിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റിയത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം കുട്ടംകുളങ്ങരയിലെത്തിയ ആതിരക്ക് പ്രവർത്തകരുടെ പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ വാർഡാണ് കുട്ടംകുളങ്ങര. ആതിര കൗൺസിലറായ പൂങ്കുന്നത്ത് ഇത്തവണ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രഘുനാഥാണ് സ്ഥാനാർഥി. ഉത്തരവാദിത്തം ഏറ്റെടുത്തതായും പ്രചാരണം ആരംഭിച്ചതായും എം. ശ്രീവിദ്യ പറഞ്ഞു. കഴിഞ്ഞ തവണ കൈവിട്ട വാർഡ് തിരിച്ചുപിടിക്കാമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.