തിരുവനന്തപുരം: എഫ്.സി.ആർ.എ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു. തിരുവനന്തപുരത്തെ വിവിധ ക്രൈസ്തവസഭാ പ്രതിനിധികളുമായി നടത്തിയ ചർച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ ക്രിസ്ത്യൻ സമൂഹം ആശങ്കപ്പെടേണ്ടതില്ല. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളെയാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ക്രിസ്ത്യൻ സംഘടനകൾക്ക് ഉറപ്പു നൽകുന്നു.
ബില്ല് സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തും. സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ തെരഞ്ഞെടുപ്പിന് ശേഷം ഡൽഹിയിലേക്ക് വിളിപ്പിക്കും. രാജ്യസുരക്ഷക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളെ മാത്രമാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ക്രിസ്ത്യൻ നേതാക്കളുമായി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. തെറ്റുചെയ്യുന്നവർ മാത്രം ഭയന്നാൽ മതി. ബാക്കി എല്ലാവരെയും സംരക്ഷിക്കും. അതേസമയം, എഫ്.സി.ആർ.എയുടെ പേരിൽ ക്രിസ്ത്യൻ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതായി കിരൺ റിജിജു കുറ്റപ്പെടുത്തി.
ഒരുമണിക്കൂറാണ് സഭാ പ്രതിനിധികളുമായി കേന്ദ്രമന്ത്രി ചർച്ച നടത്തിയത്. തെരഞ്ഞെടുപ്പിനുശേഷം സഭാപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ സംസ്ഥാന ബി.ജെ.പി നേതൃത്വത്തോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സഭകളുടെ ആശങ്കകളും നിർദേശങ്ങളും രേഖാമൂലം അറിയിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോട് മന്ത്രി നിർദേശിക്കുകയും ചെയ്തു.
സഭകൾ ഉന്നയിച്ച ആശങ്കകളിൽ ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി ലത്തീൻ കത്തോലിക്ക അതിരൂപത വികാരി ജനറൽ യൂജിൻ പെരേര അറിയിച്ചു. സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചേ എഫ്.സി.ആർ.എ ബില്ല് അവതരിപ്പിക്കൂ എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇക്കാര്യത്തിൽ ഇനി ഡൽഹിയിലും ചർച്ച നടക്കും. അതുകൊണ്ടാണ് ബില്ല് മാറ്റിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.