രേഷ് ബാബു
ആമ്പല്ലൂർ (തൃശൂർ): വിയ്യൂർ സെൻട്രൽ ജയിലില്‍ റിമാൻഡ് തടവുകാരൻ മർദനമേറ്റ് മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. നെന്മണിക്കര പുലക്കാട്ടുക്കര പടിഞ്ഞാറെപുരക്കൽ ബാബുവിന്റെ മകൻ രേഷ് ബാബു (36) ആണ് മരിച്ചത്. മേയ് 18ന് തൃശൂരിൽ പിടിച്ചുപറി കേസിലാണ് രേഷ് ഉൾപ്പെടെ നാലുപേരെ ഈസ്റ്റ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്നു. മേയ് 26നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ കണ്ടത് മൂക്കിലും വായിലും ട്യൂബ് ഇട്ട നിലയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനെയാണ്. ജയിൽ അധികൃതർ നൽകിയ മറുപടിയിൽ വീട്ടുകാർക്ക് സംശയം തോന്നിയിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രേഷ് ബുധനാഴ്ചയാണ് മരിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്ന ആളായിട്ടും പൊലീസ് മർദിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രേഷ് ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് വീട്ടുകാർ തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. സംഭവത്തിൽ വിയ്യൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.