പത്തനംതിട്ട: മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എഴുതാനെത്തിയ വിദ്യാർഥി വ്യാജ ഹാൾടിക്കറ്റുമായി എത്തിയ സംഭവത്തിൽ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍റർ ജീവനക്കാരി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. തനിക്ക് ഹാൾടിക്കറ്റ് നൽകിയത് അക്ഷയ സെന്‍റർ ജീവനക്കാരിയാണെന്ന വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തിരുപുറം സ്വദേശിയാണ് ഗ്രീഷ്മ.
വിദ്യാർഥിയുടെ മാതാവ് നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാനായി അക്ഷയ കേന്ദ്രത്തിൽ എത്തിയിരുന്നു. വിവരങ്ങൾ നൽകിയ ശേഷം മാതാവ് മടങ്ങി. എന്നാൽ അപേക്ഷ നൽകാൻ ഗ്രീഷ്മ മറക്കുകയും പിന്നീട് ഹാൾടിക്കറ്റിനായി കുട്ടിയുടെ മാതാവ് എത്തിയപ്പോൾ വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകുകയും ചെയ്തു. 140 കി.മീറ്ററോളം ദൂരെയുള്ള പത്തനംതിട്ടയിലെ പരീക്ഷ കേന്ദ്രത്തിൽ ഇവർ പരീക്ഷക്ക് പോകില്ലെന്നായിരുന്നു ധാരണയെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.
നേരത്തെ ഹാൾടിക്കറ്റിൽ കൃത്രിമം കണ്ടതിനെ തുടർന്ന് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അഡ്മിറ്റ് കാര്‍ഡില്‍ പേരും വിലാസവും പരീക്ഷാ സെന്‍ററുമടക്കം വ്യത്യാസം ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് പരീക്ഷാ കോഓഡിനേറ്ററുടെ പരാതിയിലാണ് പാറശ്ശാല സ്വദേശിയായ പരീക്ഷാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്ലറിക്കല്‍ പിഴവാണെന്ന് കരുതി ആദ്യം പരീക്ഷ എഴുതാന്‍ അനുവദിച്ചു.
പരീക്ഷാ സെന്‍ററും അഡ്മിറ്റ് കാര്‍ഡും നമ്പറും സഹിതം സംശയത്തിനിട നല്‍കിയെങ്കിലും ആളില്ലാതിരുന്ന സീറ്റില്‍ വിദ്യാർഥിയെ പരീക്ഷക്ക് ഇരുത്തിയതിനൊപ്പം സമാന്തരമായി അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് അന്വേഷണവും നടന്നു. തുടർന്ന്, ഉച്ചകഴിഞ്ഞ് സ്‌റ്റേറ്റ് കോഓഡിനേറ്റര്‍ ഡോ. മഹേഷിന്‍റെ നിര്‍ദേശപ്രകാരം വിദ്യാർഥിയെ പരീക്ഷയെഴുതുന്നത് വിലക്കി. അക്ഷയ കേന്ദ്രത്തിൽനിന്ന് ലഭിച്ചതാണ് അഡ്മിറ്റ് കാർഡെന്ന മൊഴിയുടെ അന്വേഷണത്തിൽ തുടരന്വേഷണം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.