കൊച്ചി: സീറോ മലബാർ സഭ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസിൽ സഭ മുൻ വക്താവ് ഫാ . പോൾ തേലക്കാട്ടിനെതിരെ ആരോപണവുമായി മുൻ വൈദിക സമിതി അംഗം. വ്യാജരേഖ ചമച്ചതിൽ പോൾ തേലക്കാട്ട് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നും സഭയിലെ പതിനഞ്ചോളം വൈദികർ ഇതിന് ഒത്താശ ചെയ്തെന്നുമാണ് ഫാ. ആൻറണി പൂതവേലിലിെൻറ ആരോ പണം.
വിവാദ ഭൂമി ഇടപാടിന് പിന്നാലെ മാർ ജോർജ് ആലഞ്ചേരിയുടെ രഹസ്യ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ പണമി ടപാട് നടന്നതായി ആരോപിച്ച് ഇക്കാര്യം തെളിയിക്കുന്ന രേഖകൾ നേരത്തേ പോൾ തേലക്കാട്ട് അഡ്മിനിസ്ട്രേറ്റർ ബിഷപ് ജേക്കബ് മാനന്തോടത്തിന് കൈമാറുകയും ബിഷപ് ഇവ സിനഡിന് മുന്നിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, കർദിനാളിന് ഇങ്ങനെയൊരു അക്കൗണ്ടില്ലെന്നും രേഖകൾ വ്യാജമാണെന്നും പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഫാ. പോൾ തേലക്കാട്ടിെൻറ നേതൃത്വത്തിലാണ് വ്യാജരേഖ ചമച്ചതെന്ന ആരോപണവുമായി മുൻ വൈദികസമിതി അംഗം രംഗത്തെത്തിയത്.
കർദിനാൾ വിരുദ്ധ പക്ഷക്കാരായ ഒരു വിഭാഗം വൈദികരാണ് വ്യജരേഖക്ക് പിന്നിലെന്നും ഇതിനായി ഇവർ 10 ലക്ഷം രൂപ ചെലവഴിച്ചെന്നും ആൻറണി പൂതവേലിൽ ആരോപിക്കുന്നു. വ്യാജരേഖകേസ് അട്ടിമറിക്കാനാണ് ഒരുകൂട്ടം വൈദികർ ശ്രമിക്കുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുമെന്നും ആൻറണി പൂതവേലിൽ അറിയിച്ചു.
അതേസമയം, ഫാ. ആൻറണി പൂതവേലിലിൻെറ ആരോപണങ്ങൾ എന്ത് അടിസ്ഥാനത്തിലാണെന്നും മറ്റൊരു വൈദികനെതിരെ പ്രതികരിക്കാൻ താൽപര്യമില്ലെന്നും ഫാ. പോൾ തേലക്കാട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു.
കൈയിൽ കിട്ടിയ ചില രേഖകൾ ബിഷപ്പിന് കൈമാറുക മാത്രമാണ് താൻ ചെയ്തത്. മറ്റൊരു കാര്യത്തിലും ഇടപെട്ടിട്ടില്ല. ഈ കേസിൽ തന്നെയും ബിഷപ് ജേക്കബ് മാനന്തോടത്തിനെയും പ്രതികളാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മാർ ജോർജ് ആലഞ്ചേരി സർക്കുലർ പുറപ്പെടുവിച്ചതാണ്. എന്നിട്ടും പ്രതികളാക്കിയത് എന്തിന് എന്ന ചോദ്യം നിലനിൽക്കുന്നു. ഫാ. ആൻറണി പൂതവേലിലും താനും തമ്മിൽ ഒരിക്കലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ലെന്നും ഫാ. തേലക്കാട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.