തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ സി.പി.എം അനുകൂല എൻജിനീയർമാരുടെ സംഘടനയും ബോർഡ് മാനേജ്മെന്റും തമ്മിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ പരിഹാരം നീളും. ഒരാഴ്ചക്കകം പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇനിയും കാര്യമായ പുരോഗതിയില്ല.
അതേസമയം, സമരത്തിന്റെ ഭാഗമായി ബോർഡ് മുറിയിലേക്ക് തള്ളിക്കയറിയ 19 പേർക്കെതിരെ കുറ്റപത്രം നൽകിത്തുടങ്ങി. വിവിധ ജില്ലകളിലുള്ളവരാണ് സമരത്തിൽ പങ്കെടുത്തത്. ഏപ്രിൽ 30നകം വിശദീകരണം നൽകാനാണ് നിർദേശം. നോട്ടീസ് കൈപ്പറ്റാനും നിയമോപദേശം തേടിയ ശേഷം മറുപടി നൽകാനുമാണ് ഓഫിസേഴ്സ് അസോസിയേഷൻ തീരുമാനം. ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കെയാണ് ബോർഡ് വീണ്ടും നിലപാട് കടുപ്പിച്ചത്. യഥാസമയം വിശദീകരണം നൽകിയില്ലെങ്കിൽ നടപടിക്കാണ് ബോർഡ് നീക്കം.
അസോസിയേഷൻ നേതാക്കളായ ഹരികുമാർ, സുരേഷ് കുമാർ എന്നിവരെ സ്ഥലംമാറ്റിയെങ്കിലും ഇതുവരെ ഇവർ ജോലിയിൽ പ്രവേശിച്ചിട്ടില്ല. സുരേഷ്കുമാറിനെ പെരിന്തൽമണ്ണയിലേക്കും ഹരികുമാറിനെ പാലക്കാട്ടേക്കുമാണ് സ്ഥലംമാറ്റിയത്. പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ അനധികൃതമായി ഹാജരാകാത്തതിന് നടപടിക്കും ബോർഡ് ആലോചിക്കുന്നുണ്ട്. ബോർഡ് നടപടി കടുപ്പിക്കുമ്പോൾ തന്നെ അസോസിയേഷൻ സമരവും ശക്തമാക്കുകയാണ്. മേഖലാജാഥകൾ മേയ് മൂന്ന്, നാല് തീയതികളിലായി ആരംഭിച്ച് 16ന് തലസ്ഥാനത്ത് സമാപിക്കും. തുടർന്ന് ചട്ടപ്പടി ജോലിക്കും ബോർഡിന് മുന്നിൽ അനിശ്ചിതകാല സമരത്തിനും തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി ബോർഡിൽ 28ന് ജീവനക്കാരുടെ റഫറണ്ടം നടക്കുകയാണ്. അതിനെ ബാധിക്കുംവിധം ഓഫിസർമാർ സമരം നടത്തില്ല.
തിരുവനന്തപുരം: താൻ ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച വാഹനം കടകംപള്ളി സുരേന്ദ്രൻ വൈദ്യുതി മന്ത്രി ആയിരുന്നപ്പോഴും മന്ത്രിയുടെ ഓഫിസിൽ ഉപയോഗിച്ചിരുന്നതായി കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ്കുമാർ. വാഹന ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കാണ് ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം മറുപടി നൽകിയത്.
2016 ഡിസംബർ ഒന്നിനാണ് താൻ വൈദ്യുതി മന്ത്രിയുടെ അഡീഷനൽ പി.എസ് ആകുന്നത്. അതിന് മുമ്പ് ഈ വാഹനം ആരുടെ കസ്റ്റഡിയിൽ ആയിരുന്നെന്നും ആരാണ് ലോഗ് എഴുതി ട്രിപ് ഓതറൈസ് ചെയ്തതെന്നും പരിശോധിക്കണം. രായാവിന് വേണ്ടി ഫാൻസ് അസോസിയേഷൻകാർ ഇറക്കിയ കടിതം ആയതിനാൽ ഈ ചോദ്യത്തിന് മറുപടി തന്നാൽ മതി. 2016 നവംബർ 22 നാണ് എം.എം. മണി വൈദ്യുതി മന്ത്രിയാകുന്നത്. അതിന് മുമ്പ് കടകംപള്ളി സുരേന്ദ്രനായിരുന്നു വൈദ്യുതി മന്ത്രി. അപ്പോഴും ഈ വാഹനം മന്ത്രിയുടെ ഓഫിസിൽ ഉപയോഗത്തിലായിരുന്നു.- അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.