കണ്ണൂർ: സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം ഒത്തുതീർപ്പിലേക്ക്. പിശക് പറ്റിയെന്ന് ഡി.സി ബുക്സ് സമ്മതിച്ചതിനാൽ നിയമനടപടികൾ അവസാനിപ്പിക്കുന്നതായി ഇ.പി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
പകരംവീട്ടാൻ കുടിപ്പകയുമായി നടക്കുന്ന രാഷ്ട്രീയക്കാരനല്ല താനെന്നും തനിക്കെതിരായ ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന് അറിയാമെന്നും അതൊന്നും വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനക്ക് പിന്നിൽ പാർട്ടിക്കാർ ഉണ്ടോയെന്ന ചോദ്യത്തിന്, അതെല്ലാം അടുത്തമാസം പുറത്തിറങ്ങുന്ന ആത്മകഥയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മകഥയെന്ന പേരിൽ ഡി.സി ബുക്സിന്റേതായി പുറത്തുവന്ന ഭാഗങ്ങൾ ശ്രദ്ധയിൽപെട്ടയുടൻ നിയമനടപടി തുടങ്ങി. ഡി.സിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. തെറ്റുപറ്റിയെന്ന കുറ്റസമ്മതത്തോടെയാണ് അവർ നൽകിയ മറുപടി. ആ നിലക്ക് നിയമനടപടികളുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് തനിക്ക് കിട്ടിയ നിയമോപദേശം.
വ്യക്തിഹത്യ ലക്ഷ്യംവെച്ചാണ് ആത്മകഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. തെറ്റ് സമ്മതിച്ചുകഴിഞ്ഞാൽ പകയുമായി നടക്കാൻ താൽപര്യമില്ലെന്നും അതിന് തനിക്ക് സമയമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് വേളയിലാണ് ‘കട്ടൻചായയും പരിപ്പുവടയും- ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിലുള്ള ഇ.പിയുടെ ആത്മകഥയിലെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.