കേ​ന്ദ്ര പൂ​ളി​ലെ ത​ക​രാ​ർ: ആ​ഭ്യ​ന്ത​ര  വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം കു​ത്ത​നെ ഉ​യ​ർ​ത്തി

മൂലമറ്റം: കേന്ദ്ര പൂളിലെ തകരാർ മൂലം ആഭ്യന്തര വൈദ്യുതി ഉൽപാദനം രണ്ടിരട്ടിയിലധികമായി വർധിപ്പിച്ചു. ഇക്കാലയളവിലെ ഏറ്റവും ഉയർന്ന തോതിലാണ് ഇപ്പോൾ ഉൽപാദനം. കേന്ദ്രപൂളിൽനിന്ന് വൈദ്യുതി ലഭിക്കുന്ന തിരുനൽവേലിയിലെ കൂടംകുളം, വിശാഖപട്ടണത്തെ സിംഹാദ്രി, ധൻബാദിലെ മൈത്തൺ എന്നീ വൈദ്യുതി നിലയങ്ങളിലെ യന്ത്രത്തകരാർ മൂലമാണ് കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടി​െൻറ കുറവുണ്ടായത്. ഇത് മറികടക്കാൻ ആഭ്യന്തര ഉൽപാദനം ഇരട്ടിയിലധികമാക്കി.

മാർച്ച് 28നാണ് കേന്ദ്രപൂളിലെ യന്ത്രങ്ങൾ തകരാറിലായത്. ഇത് മറികടക്കാൻ ശരാശരി 12 ദശലക്ഷം യൂനിറ്റായിരുന്ന പ്രതിദിന ആഭ്യന്തര ഉൽപാദനം 24 ദശലക്ഷത്തിൽ അധികമാക്കി ഉയർത്തി. അടുത്ത മൂന്നു ദിവസം കൂടി ഈ സ്ഥിതി തുടരുമെന്ന് എൻജിനീയർമാർ ‘മാധ്യമ’ത്തോട്  പറഞ്ഞു. ഇടുക്കി, ശബരിഗിരി, ഇടമലയാർ, കുറ്റ്യാടി നിലയങ്ങളിലെ ഉൽപാദനമാണ് വർധിപ്പിച്ചത്. ശരാശരി നാലുദശലക്ഷം യൂനിറ്റായിരുന്ന ഇടുക്കിയിലെ ഉൽപാദനം തിങ്കളാഴ്ച 8.992 ദശലക്ഷം യൂനിറ്റാക്കി. ശബരിഗിരിയിലേത് 5.65, ഇടമലയാറിലേത് 1.422, കുറ്റ്യാടിയിലേത് 2.99 എന്നിങ്ങനെ ദശലക്ഷം യൂനിറ്റുമാണ്. ഇതേദിവസം ആകെ ആഭ്യന്തര ഉൽപാദനം 24 ദശലക്ഷം യൂനിറ്റാണ്. കേന്ദ്രപൂളിൽ തകരാർ സംഭവിക്കുംമുമ്പ് ഇത് ശരാശരി 12 ദശലക്ഷം യൂനിറ്റായിരുന്നു. 

ശരാശരി 60 ദശലക്ഷം കേന്ദ്രപൂളിൽനിന്ന് ലഭിച്ചിരുന്നത് 50 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. അതേസമയം, കേരളത്തിലെ വൈദ്യുതി ഉപഭോഗം 75 ദശലക്ഷം യൂനിറ്റിലെത്തി. ഇത് ഈ കാലയളവിലെ ഏറ്റവും ഉയർന്ന തോതാണ്.ഞായറാഴ്ചത്തെ ആഭ്യന്തര ഉൽപാദനം 19.19 ദശലക്ഷം യൂനിറ്റും കേന്ദ്രപൂളിൽനിന്ന് ലഭിച്ചത് 50.67 ദശലക്ഷം യൂനിറ്റുമാണ്. അന്നത്തെ ഉപഭോഗം 69.85 ദശലക്ഷം യൂനിറ്റുമാണ്. കേന്ദ്രപൂളിലെ തകരാർ കേരളത്തിൽ തൽക്കാലം പ്രതിസന്ധി സൃഷ്ടിക്കില്ല. ഏപ്രിൽ, േമയ് മാസങ്ങളിലേക്കായി കരുതൽജലം കേരളത്തിലെ ഡാമുകളിൽ സംഭരിച്ചിരുന്നു. ഏകദേശം 1200 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം കേരളത്തിലെ ഡാമുകളിലുണ്ട്. വേനലിൽപോലും ഓരോമാസവും ശരാശരി 500 ദശലക്ഷം യൂനിറ്റ് വൈദ്യുതി മതിയാകും കേരളത്തിന്.
 

Tags:    
News Summary - electricity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.