തിരുവനന്തപുരം: വൈദ്യുതി ബോർഡ് ഉപഭോക്താക്കൾക്കായി സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെ ചൊല്ലി എൽ.ഡി.എഫ് യോഗത്തിൽ തർക്കം. വിശദമായ ചർച്ച വേണമെന്ന വിലയിരുത്തലിൽ സ്മാർട്ട് മീറ്റർ വിഷയത്തിൽ പിന്നീട് തീരുമാനമെടുക്കാനും യോഗം തീരുമാനിച്ചു. സ്മാർട്ട് മീറ്റർ വിഷയത്തിൽ സി.ഐ.ടി.യു ഉൾപ്പെടെ ഇടത് ട്രേഡ് യൂനിയനുകൾ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് ചർച്ച. ജനങ്ങൾക്ക് അധിക ബാധ്യതയുണ്ടാക്കുന്ന വിഷയമായതിനാൽ ഗൗരവപൂർവമായ ചർച്ചയാണ് ഉദ്ദേശിച്ചത്. അതിനാൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിനെയും ക്ഷണിച്ചിരുന്നു. സ്മാർട്ട് മീറ്ററിനുള്ള നിർദേശം കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിയുടെ ഭാഗമാണെന്നും ഇതു വൈദ്യുതിബോർഡിനെ സ്വകാര്യവത്കരിക്കുന്നതിന് മുന്നോടിയായുള്ള നീക്കമാണെന്നും ഇടതുനയത്തിന് വിരുദ്ധമായ നീക്കമാണെന്നും എളമരം കരീം വാദിച്ചു. ധിറുതിപിടിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് ഭാവിയിൽ പ്രശ്നം സൃഷ്ടിക്കുമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. വൈദ്യുതി ബോർഡ് ഈ തീരുമാനത്തെ അനുകൂലിക്കുന്നതിലുള്ള വിയോജിപ്പും യോഗത്തിലുണ്ടായി.
കൂടുതൽ തർക്കത്തിലേക്ക് പോകുമെന്ന സാഹചര്യമുണ്ടായപ്പോൾ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി വിഷയത്തിൽ ഇടപെട്ടു. സർക്കാർ ഇതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ച സ്ഥിതിക്ക് റിപ്പോർട്ട് ലഭിച്ച ശേഷം മുന്നണി യോഗത്തിൽ ചർച്ച ചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കിയതോടെയാണ് ചർച്ച അവസാനിപ്പിച്ചത്.മീറ്ററുകളുടെ നിർമാണം പൊതുമേഖലയിൽ നടത്തണമെന്ന നിലപാടാണ് ചില ഭരണപക്ഷ അനുകൂല സംഘടനകൾ കൈക്കൊണ്ടിട്ടുള്ളത്. സർക്കാറിന്റെ നൂറു ദിന കർമ പരിപാടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും യോഗം നിർദേശിച്ചു. വകുപ്പുകളുടെയും മന്ത്രിമാരുടെയും പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.