തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രാത്രി വൈദ്യുതി മുടങ്ങും. പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടായേക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് വർധിച്ചത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവ് അനുഭവപ്പെടുന്നുണ്ട്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി ഉപഭോഗത്തിൽ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂവെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഞായറാഴ്ച അധിക വൈദ്യുതി വാങ്ങും. പകൽ ഇത്തരത്തിൽ വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഫുട്ബാൾ ലോകകപ്പ് ഫൈനൽ മത്സരങ്ങൾ തടസ്സമില്ലാതെ കാണുന്നതിനായി ഞായറാഴ്ച സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ഫൈനൽ പോരാട്ടം നടക്കുന്ന ഞായറാഴ്ചത്തെ പീക്ക് സമയത്തെ തടസ്സങ്ങൾ ഒഴിവാക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉയർന്ന വിലക്ക് അധിക വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. എന്നാൽ, സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി ദീർഘകാലാടിസ്ഥാനത്തിൽ മാത്രമേ പരിഹരിക്കാനാകൂവെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന അപ്രഖ്യാപിത പവർകട്ട് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലടക്കം മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് ജനരോഷത്തിന് കാരണമാകും.
വൈദ്യുതി മുടക്കം കാരണം ഇൻവെർട്ടറുകൾ പോലും ചാർജ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഓൺലൈൻ പഠനത്തെയും ആശുപത്രികളുടെ പ്രവർത്തനങ്ങളെയും ഇത് ദോഷകരമായി ബാധിക്കുന്നു. നിരന്തരം കറണ്ട് പോകുന്നത് ചെറുകിട വ്യവസായങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പീക്ക് സമയങ്ങളിൽ 1200 മെഗാവാട്ടിലധികം അധിക വൈദ്യുതിയാണ് ഇപ്പോൾ സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്. കഴിഞ്ഞ ജൂലൈയിൽ പ്രതിദിന ഉപയോഗം 70 ദശലക്ഷം യൂനിറ്റായിരുന്നെങ്കിൽ, ഇത്തവണ അത് 78 ദശലക്ഷമായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.