ഡാൻസ് ചെയ്തത് നിഷ്കളങ്കത കൊണ്ട്, അതൊക്കെ ഈ രീതിയിൽ ഉപയോഗിക്കുന്നതിൽ ദുഖമുണ്ട് -എൽദോസ് കുന്നപ്പിള്ളി

മൂവാറ്റുപുഴ: കല്യാണ വീട്ടിലും മറ്റും ഡാൻസ് ചെയ്യുന്നത് ത​െന്റ തെറ്റു​കൊണ്ടല്ല, നിഷ്കളങ്കത കൊണ്ടാണെന്നും വീട്ടുകാർ നിർബന്ധിക്കുമ്പോൾ യുവാവെന്ന നിലയിൽ അറിയാതെ നൃത്തച്ചുവടുകൾ വെക്കുന്നതാണെന്നും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ബലാത്സംഗക്കേസിലെ പ്രതിയായതിനെ തുടർന്ന് 11ദിവസമായി ഒളിവിലായിരുന്ന എൽദോസ്, മുൻകൂർ ജാമ്യം ലഭിച്ചതിനുപിന്നാലെ മുവാറ്റുപുഴ ആരക്കുഴയിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

'കോളജ് രാഷ്ട്രീയം മുതൽ പൊതുരംഗത്തുള്ളയാളാണ് ഞാൻ. പൊതു​വേദിയിൽ ഡാൻസ് കളിക്കാറുണ്ട്, കവിത ചൊല്ലാറുണ്ട്. പ്രത്യേക മൂടുപടത്തിനുള്ളിൽ രഹസ്യമായി നിൽക്കുന്ന ആളല്ല ഞാൻ. കല്യാണ വീട്ടിൽ ഡാൻസ് ചെയ്യുന്നത് തെറ്റുകൊണ്ടല്ല. എന്റെ നിഷ്കളങ്കത കൊണ്ട് ചെയ്യുന്ന കാര്യങ്ങളാണ്. കല്യാണവീട്ടിൽ പോകുമ്പോൾ അവർ എന്നെ നിർബന്ധിച്ചാൽ ഒരു യുവാവ് എന്ന നിലയിൽ അറിയാതെ നൃത്തച്ചുവടുകൾ വെച്ചു പോകും. അതത് സമയത്തെ സന്തോഷങ്ങളാണ്. ഇത് പലരും വിഡിയോയിൽ പിടിക്കാറുണ്ട്. അതൊന്നും ഞാൻ കാര്യമാക്കാറില്ല. പക്ഷേ, അതൊക്കെ ഒരാളെ മോശമാക്കാൻ ഈ രീതിയിൽ ഉപയോഗിക്കുന്നതിൽ ദുഖമുണ്ട്. അങ്ങനെയുള്ള സ്വകാര്യ നിമിഷങ്ങൾ, പാട്ടുകൾ, കവിതകൾ എല്ലാം ഒരവസരം കിട്ടുമ്പോൾ മോശം ഹെഡ്ഡിങ് വെച്ച് ഉപയോഗിക്കുക എന്നത് ശരിയായ പ്രവണതയല്ല' -എൽദോസ് പറഞ്ഞു.

താൻ ഒളിവിൽ പോയിട്ടില്ലെന്നും മുൻകൂർ ജാമ്യം തേടി കോടതിയുടെ മുന്നിൽ കഴിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. ആർക്കും ആർക്കെതിരെയും പരാതി നൽകാം. അത്തരത്തിലൊരു പരാതിയാണ് എനിക്കെതിരെ നൽകിയത്. ഞാൻ ഒളിവിലായിരുന്നില്ല. കോടതിയുടെ മുന്നിലായിരുന്നു. ഫോണിൽ കിട്ടിയില്ല എന്നുവെച്ച് ഒളിവിലാണ് എന്ന് പറയാൻ കഴി​യുമോ?

എനിക്കെതിരെ ഏത് വകുപ്പ് ചുമത്തി എന്നത് പ്രശ്നമ​ല്ല. നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തും. സംസ്ഥാനം വിട്ടുപോയിട്ടില്ല. ഇവിടെ തന്നെ ഉണ്ടായിരുന്നു. എഫ്.ഐ.ആറിൽ പരാതിക്കാരി പറയുന്ന വാക്കുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇതുവരെ ഒരാളെയും ഒരു ജീവിയെയും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്ന് കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു.

എം.എൽ.എയെ കാൺമാനില്ല എന്ന തരത്തിൽ മണ്ഡലത്തിൽ പോസ്റ്റർ പതിച്ചത് എന്നെ സ്നേഹിക്കുന്നവരോ എനിക്ക് വോട്ടു​ചെയ്തവരോ അ​​ല്ല. കേരള രാഷ്ട്രീയത്തിൽ എത്ര നേതാക്കൾ ഇതുപോലുള്ള പ്രശ്നങ്ങളിലും കേസുകളിലും പ്രതിസന്ധികളിലും അതിജീവിച്ചു വന്നിട്ടുണ്ട്. നമ്മൾ ജീവിക്കുമ്പോൾ ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടാകും. അതിൽ തളരാതിരിക്കുക. സമൂഹത്തിൽ ഉറച്ചമനസ്സോടെ മറ്റുള്ളവർക്ക് മാതൃകയാകണം. എല്ലാം കാത്തിരുന്ന് കാണാം' -എൽദോസ് പറഞ്ഞു.

കർശന ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി എൽദോസിന് ഇന്നലെ ജാമ്യം അനുവദിച്ചത്. ഈമാസം 22ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‍പോർട്ടും കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചു.

യു​വ​തി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്​ കോ​വ​ളം പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല കോ​ട​തി​യി​ലാ​ണ്​ എ​ൽ​ദോ​സ്​ ആ​ദ്യം ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ​ വാ​ദം കേ​ൾ​ക്കാ​ൻ ജി​ല്ല കോ​ട​തി അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി​ക്ക് കൈ​മാറുകയായിരുന്നു.

Tags:    
News Summary - Eldos Kunnappilly about dance video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.