ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ലൂയി മൗണ്ട് ബാറ്റൺ, തെൻറ അനന്തരവൻ ഫിലിപ്പ് രാജകു മാരെൻറ വിവാഹനിശ്ചയ വാർത്ത ഗാന്ധിജിയെ അറിയിച്ചു. എലിസബത്ത് രാജകുമാരിയാണ് വധു. വിരുന്നിലേക്ക് ഗാന്ധിജിക്ക് എത്താനായില്ല. അൽപദിവസങ്ങൾക്കുള്ളിൽ മൗണ്ട് ബാറ്റണ െത്തേടി ഒരു പാഴ്സലെത്തി. വധൂവരന്മാർക്ക് ഗാന്ധിജിയുടെ സമ്മാനപ്പൊതി. ‘‘ഇതെെൻറ ചർ ക്കയിൽ നെയ്തെടുത്തതാണ്. എെൻറ സഹായിയായ പഞ്ചാബി പെൺകുട്ടിയുടെ കരവിരുതാണ്. അനന ്തരവനും അവെൻറ രാജകുമാരിക്കും സമ്മാനിക്കുക. ഒരുപാട് പ്രണയിക്കാനും മനുഷ്യരെ സേവിക്കാനും പറയുക. സ്നേഹത്താൽ ബാപ്പു’’. ഭംഗിയുള്ളൊരു മേശവിരിയാണ് ഗാന്ധിജി നെയ്തെടുത്തത്. ഒരടി വീതി. രണ്ടടി നീളം. അത് സമ്മാനിക്കുമ്പോൾ മൗണ്ട് ബാറ്റൺ എലിസബത്തിനോട് പറഞ്ഞതിങ്ങനെ: ‘‘ഇന്ത്യയിൽനിന്ന് നമ്മൾ ചങ്ങാതിമാരെപ്പോലെ തിരികെപ്പോരണമെന്ന് ആഗ്രഹിച്ച വലിയൊരു മനുഷ്യെൻറ സമ്മാനമാണിത്. അമൂല്യമാണ്. നിെൻറ വിലയേറിയ രത്നങ്ങൾക്കൊപ്പം സൂക്ഷിച്ചുവെക്കണം ഇത്’’. ഇന്നുമുണ്ട് ആ സമ്മാനം ബക്കിങ്ഹാം കൊട്ടാരത്തിൽ, നിറം മങ്ങിയെങ്കിലും വിലപിടിപ്പുള്ള രത്നങ്ങൾക്കൊപ്പം സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ബ്രിട്ടൺ നമ്മളോട് ചെയ്തതെന്തെന്ന് നമുക്കറിയാം. അവർ സമ്പന്നരായതും നമ്മൾ ദരിദ്രരായതും എങ്ങനെയെന്നറിയാൻ ദാദാഭായ് നവറോജിയുടെ ഒറ്റ പുസ്തകം മതി ‘പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’. എന്നിട്ടും, ശത്രുവിനെ കൂടുതൽ കടുത്ത ശത്രുവാക്കുന്നതിനു പകരം, കുറച്ചുകൂടി അടുത്തൊരു മിത്രമാക്കിയ നയതന്ത്രമായിരുന്നു ഗാന്ധിജിയുടേത്. അങ്ങനെയൊക്കെയാണ് നമുക്ക് ഇൗ രാജ്യത്തെ വീണ്ടുകിട്ടിയത്. സഹിഷ്ണുതയുടെ സ്നേഹതാപത്തിൽ പൊള്ളിപ്പോകാത്ത ശത്രുതകളില്ലെന്ന് അതിമധുരമായി ആ അർധനഗ്നൻ വിളിച്ചുപറഞ്ഞു. സഹവർത്തനമാണ് മാനവികതയുടെ ഭാഷ. ശത്രുതക്ക് നെയ്തെടുക്കാനാവാത്തത് ശാന്തതകൊണ്ട് തുന്നിയെടുക്കാം. പരുക്കൻ വാക്കുകൾക്ക് പരിക്കുകളല്ലാതെ ബാക്കിവെക്കാനാകില്ല. കരുണയുടെ കൈനീട്ടിയല്ലാതെ മനുഷ്യെൻറ ഉള്ളിൽതൊടാനാകില്ല. വഴിയിൽ മുള്ളുപാകിയവരുടെ നേരെ ഇബ്രാഹിം പ്രവാചകൻ അനുഷ്ഠിച്ച മാർഗം അതാണ്. ആ ഓർമയുടെ പൂമരച്ചോട്ടിലാണ് ഹജ്ജും ബലിപെരുന്നാളും വിരുന്നുകൂടുന്നത്.
ധൃതിയില്ലാതെ കാത്തിരിക്കൂ, കലങ്ങിയ ജലാശയം തെളിഞ്ഞുവരും. ചളി മണ്ണിൽത്താഴും’. ആനന്ദയോട് ബുദ്ധൻ പറഞ്ഞതാണ്. സത്യത്തെ സ്ഥാപിക്കേണ്ടവർ ആദ്യം ക്ഷമയിൽ തപം ചെയ്യണം. കാത്തിരിക്കാനുള്ള കരുത്തുണ്ടാകണം. ഓരോ കാത്തിരിപ്പും പോരാട്ടമാണെന്നും ഓരോ പോരാട്ടവും കാത്തിരിപ്പാണെന്നും അന്യോന്യം കാതിലോതണം. തീക്കുണ്ഠത്തിനു നടുവിലും നിലക്കാത്ത പ്രതീക്ഷയുടെ തണുപ്പ് കായണം. വലിച്ചെറിയപ്പെട്ടാലും തഴച്ചുവളരുന്ന കാട്ടുചെടിയാകണം. ക്ഷമിച്ചിരിക്കാൻ പഠിച്ചവർക്കല്ലാതെ സഹിഷ്ണുക്കളാകാനാവില്ല. ഇബ്രാഹിം പ്രവാചകൻ എതിർത്തതിനെയെല്ലാം, എതിരേറ്റയാളായിരുന്നു അദ്ദേഹത്തിെൻറ പിതാവ്. ആരോടുമുള്ളതിനേക്കാൾ ശത്രുത മകനോടുണ്ടാകാനും അതു മതി. എന്നിട്ടും പിതാവിനോട് മകന് ശത്രുതയില്ല. ‘പ്രിയങ്കരനായ അച്ഛാ’ എന്നാണ് വിളി. ലോകമാകെ മുഴങ്ങേണ്ട നാദമാണത്. കേൾക്കാവുന്നതിൽവെച്ചേറ്റവും ഭംഗിയുള്ള രാഗമുണ്ടതിൽ. എതിർശബ്ദങ്ങളെ എതിരേൽക്കേണ്ടത് എങ്ങനെയെന്ന് ആ ഒരൊറ്റ വിളിയിലുണ്ട്. ലോകമെങ്ങും പൊട്ടിയൊലിക്കുന്ന മുറിവുകൾക്കെല്ലാമുള്ള പച്ചമരുന്നാണത്. അകലാൻ പിന്നെയും പിന്നെയും കാരണം കണ്ടെത്തുകയാണ് നമ്മൾ. അടുപ്പത്തിനൊരു പാലം പണിതിടുകയായിരുന്നു പക്ഷേ, ആ പ്രവാചകൻ. അത് സ്നേഹമായിരുന്നു. നന്മയുടെ നയതന്ത്രമായിരുന്നു.
ലോകത്തുനിന്ന് നഷ്ടമാകുന്നത് ഇബ്രാഹിം നബിയുടെ ഭാഷയാണ്. കുടുംബത്തിൽ, സമൂഹത്തിൽ, രാഷ്ട്രങ്ങൾ തമ്മിൽ, രാജ്യത്തിനുള്ളിൽ സ്നേഹഭാഷയുടെ ലിപികൾ ഉപയോഗിക്കാനാളില്ലാതെ തുരുമ്പെടുക്കുന്നു.ശത്രുതക്ക് നന്മയായൊന്നും ബാക്കി തരാനാകില്ല. ചോരക്ക് മാത്രമല്ല കണ്ണീരിനും ലോകത്തെല്ലായിടത്തും ഒരേ നിറമാണ്. വഴക്കിനിടയിലൊന്ന് തെന്നിവീണാൽ കൈ തരാനുള്ളത് വഴക്കിട്ടയാളാണ്. ചെസ് കളിച്ചുതീർന്നാൽ രാജാവും പടയാളിയും കാവലാളും ഒരേ പെട്ടിയിൽ തൊട്ടുരുമ്മിക്കിടക്കുന്നപോലെ. ഇണക്കത്തിെൻറ ഈണം തിരികെപ്പിടിക്കണം. മനുഷ്യരടക്കം സകലതിനോടുമുള്ള സഹവാസം സർഗാത്മകമാകണം. രേഖപ്പെടുത്തിയ 60 നൂറ്റാണ്ടുകളുടെ മനുഷ്യചരിത്രത്തിൽ, ആദ്യത്തെ 300 വർഷങ്ങളേ ശാന്തിയുടേതുള്ളൂ. പിന്നെയെല്ലാം ലാഭക്കൊതിയുടേതും ശത്രുതയുടേതുമാണ്. നമ്മളീ കഴിഞ്ഞുകൂടുന്ന നൂറ്റാണ്ടുകൾ അതിെൻറ അറ്റത്താണ്. ഹിംസയുടെ വ്യാളീരൂപങ്ങൾ വായ പൂട്ടാതെ ഒച്ചവെക്കുകയാണ്. ആർത്തിയുടെ അർബുദത്താൽ മണ്ണും മരവും ജലവും ജീവികളും പിടയുന്നു. ‘മതി’ എന്നുപറയാൻ മറന്നവരാൽ ഇരുട്ടുകയാണ് ലോകം. നല്ല സഹവാസത്തിെൻറ സാക്ഷരത, നൂറുശതമാനം സാക്ഷരതയുള്ള നമ്മളും മറന്നു. പേമാരിയേയും കൊണ്ട് പ്രകൃതി വീട്ടിൽകയറി ചോദ്യം ചെയ്തതും അങ്ങനെയാണ്.
അമിതജീവനം വലിയ പാഠങ്ങളാണ് തന്നത്. അതിജീവനവും മഹത്തായ പാഠങ്ങൾ പഠിപ്പിക്കുന്നു. മനുഷ്യൻ കുറച്ചുകൂടി ആഴത്തിൽ മനുഷ്യരെ അറിഞ്ഞിരിക്കുന്നു. ആരുമല്ലാതിരുന്നിട്ടും ഓരോ മരണവാർത്തയും നെഞ്ചുരുക്കുന്നു. രക്ഷപ്പെട്ടവരെക്കാണുമ്പോൾ കെട്ടിപ്പിടിക്കാൻ തോന്നുന്നു. മണ്ണിനടിയിലും മഴവെള്ളത്തിനുള്ളിലും പെട്ടുകിടക്കുന്നത് നമ്മുടെ ഉടപ്പിറപ്പുകളാണ്. സുരക്ഷ സംവിധാനങ്ങൾ പോലുമില്ലാതെ രക്ഷിക്കാനോടിയെത്തുന്നതും ഉടപ്പിറപ്പുകളാണ്. നമുക്ക് മനുഷ്യനേയുള്ളൂ. വിറക്കുമ്പോൾ പുതപ്പും വിയർക്കുമ്പോൾ തണുപ്പും മനുഷ്യനാണ്. പിന്നെയും പിന്നെയും മനുഷ്യനെ നെഞ്ചിലേക്ക് അണച്ചുപിടിക്കുക. ആ നെറ്റിയിൽ ഉമ്മ കൊടുക്കുക. നിങ്ങൾ എനിക്കൊരുപാട് പ്രിയപ്പെട്ടയാളും വിലപ്പെട്ടയാളുമാണെന്ന് പറയുക; അത്രേയുള്ളൂ. പൂർവാഹ്നത്തിലെ വെയിലുപോലെ സ്നേഹഭാഷയുടെ കൈവഴികൾ വളർന്നുവരട്ടെ. ഫ്രാൻസിലെ ഒരു കർഷകനോട് കളയെപ്പറ്റി ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു: ‘‘ഞാൻ നട്ടുപിടിപ്പിക്കാത്തതെല്ലാം കളയാണ്’’. മണ്ണിൽ നടാത്ത മരത്തിെൻറ വിത്ത് മാത്രമല്ല. മനുഷ്യനിൽ നടാതെപോകുന്ന സ്നേഹത്തിെൻറ വിത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.