കുരുക്കു മുറുക്കി ഇ.ഡി; സി.എം.ആർ.എൽ ജീവനക്കാരെ വീണ്ടും ചോദ്യംചെയ്യും, സി.പി.എം പ്രവർത്തകർക്കെതിരെ കള്ളപ്പണക്കേസ്
കൊച്ചി: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഇതിൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ഡി.ജി.പിക്ക് കത്ത് നൽകിയതിനു പിന്നാലെ കെ.എം.ആർ.എൽ -എക്സാലോജിക് കേസിൽ കൂടുതൽ കുരുക്കു മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.എം.ആർ.എൽ ജീവനക്കാർക്ക് നോട്ടീസ് നൽകി. കൂടാതെ അസാധാരണ നീക്കത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയിൽ പരിശോധന നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സി.പി.എം പ്രവർത്തകർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
എക്സാലോജിക് കേസിൽ ഓഡിറ്റർമാർ അടക്കമുള്ളവർക്കാണ് നോട്ടീസ് നൽകിയത്. ഈ കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്ന് സൂചനയുണ്ട്. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ വസതിയിൽ പരിശോധന നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ 27 പേരെയും പി.എം.എൽ.എ കേസിൽ പ്രതിചേർത്തിട്ടുണ്ട്.
ഈ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഉന്നത സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്നും ഇ.ഡി ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ പൊലീസിന്‍റെ അന്വേഷണത്തിൽ അവർ അതൃപ്തരുമായിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ഇ.ഡി ലക്ഷ്യമെന്നാണ് സൂചന. അതേസമയം, വധശ്രമ കേസിലെ പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേസെടുക്കുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, പിണറായി വിജയനെതിരെ സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കുന്നതിൽ വി.ഡി. സതീശൻ സർക്കാർ ഇ.ഡിയുടെ ഏജന്റായി മാറരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ മുന്നറിയിപ്പ് നൽകി.
വീണാ വിജയനെതിരെയുള്ള അന്വേഷണം പിണറായി വിജയനെ ലക്ഷ്യമിടാനുള്ള മറ മാത്രമാണെന്ന് തുടക്കം മുതൽ വ്യക്തമായതാണ്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന രീതിയുടെ ഉദാഹരണമാണ്. ഈ രാഷ്ട്രീയ പ്രതികാര നടപടിയെ പാർട്ടി രാഷ്ട്രീയമായും നിയമപരമായും ശക്തിയായി നേരിടുമെന്നും പി.ബി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.