പിണറായി വിജയൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല
കേസെടുക്കണമെന്ന ഇ.ഡി കത്ത്: പന്ത് സർക്കാറിന്റെ കോർട്ടിൽ
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന ഇ.ഡിയുടെ ആവശ്യത്തിൽ സർക്കാറിന്റെ തുടർനടപടികൾ നിർണായകം.
കഴിഞ്ഞദിവസം ഇ.ഡി, ഡി.ജി.പി രവാഡ ചന്ദ്രശേഖറിന് നൽകിയ 25 പേജുള്ള കത്തിൽ നിയമോപദേശം തേടാനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടു. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബധിച്ച തീരുമാനമെടുത്തത്. അതിന്റെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറലിൽ (എ.ജി) നിന്നും നിയമോപദേശം തേടുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്.
ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നേരിട്ട് കേസെടുക്കാനാകുമോ, അതോ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിച്ച ശേഷം ഇ.ഡി ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ വസ്തുതയുണ്ടെങ്കിൽ കേസെടുക്കണമോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടുന്നത്.
കഴിഞ്ഞസർക്കാറിന്റെ കാലത്ത് ഈ ആവശ്യം ഉന്നയിച്ച് രണ്ട് തവണ ഇ.ഡി സംസ്ഥാന സർക്കാറിന് കത്ത് നൽകിയിരുന്നെന്നും വ്യക്തമാകുന്നു. എന്നാൽ സർക്കാർ ഒരു തുടർനടപടിയും കൈക്കൊണ്ടില്ലെന്ന് മാത്രമല്ല ഇക്കാര്യം പുറത്ത് അറിയിക്കാതെ മറയ്ക്കുകയുമുണ്ടായി. മുൻ സർക്കാർ കേസെടുത്തില്ലെന്ന കാരണത്താൽ ഇപ്പോൾ നൽകിയ കത്തിൽ കേസെടുക്കുന്നതിലോ അന്വേഷണം നടത്തുന്നതിലോ സാങ്കേതിക പ്രശ്നങ്ങളില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇ.ഡിയുടെ കത്ത് സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ നിന്നും വ്യക്തം.
ഡി.ജി.പിക്ക് ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന നിയമോപദേശമാണ് ലഭിക്കുന്നതെങ്കിൽ ഏത് ഏജൻസിയെക്കൊണ്ട് കേസെടുപ്പിക്കുമെന്നതും നിർണായകമാണ്. അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാലും കേസെടുക്കേണ്ടത് പൊതുപ്രവർത്തകൻ എന്ന നിർവചനത്തിന് കീഴിൽ വരുന്നവർക്കെതിരെയായതിനാലും വിജിലൻസാകും കേസെടുക്കേണ്ടത്.
അങ്ങനെയാണെങ്കിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം മാത്രമേ വിജിലൻസിന് കേസെടുക്കാനാകൂ. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിനാണ് സർക്കാർ തീരുമാനിക്കുന്നതെങ്കിൽ അതുസംബന്ധിച്ച നിർദേശം വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് സർക്കാർ നൽകും. ഡി.ജി.പിക്ക് ഇ.ഡി നൽകിയ കത്തും കൈമാറും. എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ മാത്രം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യില്ല.
ഇ.ഡി കൈമാറിയ കത്തിൽ പറയുന്ന കാര്യങ്ങളുടെയും തെളിവുകളുടേയും അടിസ്ഥാനത്തിലുള്ള പ്രാഥമികാന്വേഷണമാകും വിജിലൻസ് നടത്തുക. ആ അന്വേഷണം പൂർത്തിയാക്കാൻ സാധാരണഗതിയിൽ 30 മുതൽ 45 ദിവസം വരെ വേണ്ടിവരും. ഇ.ഡി ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ കഴമ്പുണ്ടെന്നും വിശദ പരിശോധന ആവശ്യമാണെന്നും വ്യക്തമായാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തുള്ള അന്വേഷണത്തിലേക്ക് വിജിലൻസ് കടക്കും.
അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ യു.ഡി.എഫ് സർക്കാറിന് പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കാവുന്ന മികച്ച ആയുധമാണ് ഇ.ഡി. കത്തിലൂടെ ലഭിച്ചതെന്നതും മറ്റൊരു സത്യം. മെസ്സിയെ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പ് സംബന്ധിച്ച് എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുമ്പോഴാണ് മാസപ്പടി വിഷയത്തിൽ പ്രതിപക്ഷനേതാവിനെ തന്നെ പ്രതിചേർത്ത് കേസെടുക്കണമെന്ന ഇ.ഡിയുടെ കത്ത് ലഭിച്ചിട്ടുള്ളതും.
അതിനാൽ ഈ വിഷയം രാഷ്ട്രീയായുധമായി വി.ഡി. സതീശനും യു.ഡി.എഫും എങ്ങനെ ഉപയോഗിക്കുമെന്നതും ശ്രദ്ധേയമാണ്. അഴിമതി നിരോധന നിയമത്തിന്റെ ലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ ഇ.ഡി സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രാഥമികാന്വേഷണം നടത്തി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്താൽ അതിന്റെ അടിസ്ഥാനത്തിൽ ഇതേ വിഷയത്തിൽ സ്വന്തംനിലയിൽ അന്വേഷണം നടത്താൻ ഇ.ഡിക്കും സാധിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ആ രീതിയിലാണ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികൾക്കെതിരെ ഇ.ഡി ഇപ്പോൾ കേസെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.