രമ്യ ഹരിദാസ്, വി.ഡി. സതീശൻ
ചിറയിൻകീഴിലെ കൈയാങ്കളിയിൽ വിട്ടുവീഴ്ചയില്ലെന്ന് സതീശൻ; രമ്യ ഹരിദാസിന്റെ മൊഴിയെടുത്തു, റിപ്പോർട്ട് ഇന്ന് കൈമാറും
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കളിയിൽ കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമിതി രമ്യ ഹരിദാസ് എം.എൽ.എയുടെ മൊഴിയെടുത്തു. ബുധനാഴ്ച കെ.പി.സി.സി ആസ്ഥാനത്തെത്തിയാണ് രമ്യ സമിതി അധ്യക്ഷൻ എം.എം. ഹസന് മൊഴി നൽകിയത്.
തനിക്കുണ്ടായ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടിയ രമ്യ തന്‍റെ ഭാഗം അധ്യക്ഷന് മുന്നിൽ വിശദീകരിച്ചു. മാധ്യമങ്ങളിലൂടെ ഇതിനോടകം പുറത്തുവന്ന കാര്യങ്ങൾക്ക് പുറമേയുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ രമ്യ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, രമ്യ ഹരിദാസ് എം.എല്‍.എയും ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും തമ്മിലുള്ള സംഘര്‍ഷത്തില്‍ പാര്‍ട്ടി കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി നിരീക്ഷിച്ചു വരികയാണ്.
പാര്‍ട്ടിക്ക് വിധേയമാകാതെയുള്ള നിലപാടണല്ലോ രമ്യ ഹരിദാസ് സ്വീകരിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയാകും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൈയാങ്കളിയുമായി ബന്ധപ്പെട്ട മറ്റുള്ളവരിൽ നിന്ന് നേരത്തെ തന്നെ സമിതി മൊഴിയെടുത്തിരുന്നു. എം.എം ഹസൻ വ്യാഴാഴ്ച കെ.പി.സി.സി പ്രസിഡന്‍റിന് അന്വേഷണ റിപ്പോർട്ട് കൈമാറും. തുടർന്നായിരിക്കും നടപടിയുടെ കാര്യത്തിൽ തീരുമാനമുണ്ടാവുക. കൂടിക്കാഴ്ചക്കുശേഷം പുറത്തുവന്ന രമ്യ താൻ അച്ചടക്കമുള്ള പാർട്ടിക്കാരിയായിരിക്കുമെന്ന് വ്യക്തമാക്കിയതല്ലാതെ വിശദീകരണങ്ങൾക്കൊന്നും തയാറായില്ല.
സംഭവത്തിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയ പാളയം പ്രദീപ്, സജാദ് എന്നിവരെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, കെ.പി.സി.സി അച്ചടക്ക നടപടിയെടുത്ത പാളയം പ്രദീപിനെ സ്റ്റാഫിൽ ഉൾപ്പെടുത്താൻ രമ്യ ഹരിദാസ് വളഞ്ഞ വഴിയിൽ ശ്രമം നടത്തിയെന്ന ആരോപണം നേതൃത്വത്തിന്‍റെ അതൃപ്തിക്കിടയാക്കിയിരുന്നു.
പ്രദീപിനെ ചിറയിൻകീഴിൽനിന്ന് മാറ്റി നിർത്തണമെന്നാണ് പ്രദേശത്തെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും ആവശ്യം. സാഹചര്യങ്ങൾ ഇങ്ങനെയായിരിക്കെ പാർട്ടി അന്വേഷണം നടക്കുന്ന ഘട്ടത്തിൽ, അതേ വ്യക്തിയെ തന്നെ സ്റ്റാഫായി നിയമിക്കണമെന്ന എം.എൽ.എയുടെ ആവശ്യം മറുവിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്തുള്ള നടപടിയാകും കെ.പി.സി.സി നേതൃത്വത്തിൽ നിന്നുണ്ടാവുക. സംഭവത്തിൽ വിട്ടുവീഴ്ചയില്ലെന്നും കർശന നടപടിയെടുക്കുമെന്നുമുള്ള മുഖ്യമന്ത്രി വി.ഡി സതീശന്‍റെ പരാമർശം പാർട്ടി വിഷയം ഗൗരവത്തോടെ കാണുമെന്നത് അടിവരയിടുന്നു.
ഇതിനിടെ രമ്യ ഹരിദാസിനെ തള്ളി മന്ത്രി എ.പി. അനിൽകുമാറും രംഗത്തെത്തി. 100 ശതമാനം ഒഴിവാക്കേണ്ട സംഭവമായിരുന്നു ചിറയിൻകീഴിലേതെന്നും നേതൃത്വത്തിലുള്ളവരും പ്രവർത്തകരും തമ്മിൽ പ്രശ്നമുണ്ടായാൽ അതിൽ മാറിനിൽക്കേണ്ടത് നേതൃത്വത്തിലുള്ളവരാണെന്നും അനിൽകുമാർ പറഞ്ഞു. പ്രവർത്തകരാകുമ്പോൾ വികാരമുണ്ടാകും. അവർ ക്ഷുഭിതരായി സംസാരിക്കും. ഈ ഘട്ടത്തിൽ മാറി നിൽക്കേണ്ടത് നേതാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.