നവകേരള രേഖയിൽ നിന്ന് തിരുത്തൽ രേഖയിലേക്ക്; സി.പി.എമ്മിന്റെ മാറ്റത്തിന് ഒന്നര വർഷത്തെ രാഷ്ട്രീയ ദൂരം
തിരുവനന്തപുരം: ഭരണത്തുടർച്ചയെന്ന ഉറച്ച ആത്മവിശ്വാസത്തിൽ സംഘടന റിപ്പോർട്ടിനെക്കാൾ പ്രാധാന്യത്തോടെ സംസ്ഥാന സമ്മേളനത്തിൽ ‘നവകേരള രേഖ’ അവതരിപ്പിച്ച സി.പി.എം ഒന്നര വർഷത്തിനിപ്പുറം, ഭരണനഷ്ടത്തിന്റെയും സംഘടനാവീഴ്ചകളുടെയും അസാധാരണ സാഹചര്യത്തിൽ തിരുത്തിനൊരുങ്ങുന്നു.
സംഘടന റിപ്പോർട്ടിൽ അക്കമിട്ട തിരുത്തലുകളെക്കാൾ മൂന്നാം ഇടതുസർക്കാർ ശ്രദ്ധിക്കേണ്ട ഭരണ-വികസന നടപടികളിലായിരുന്നു കൊല്ലം സമ്മേളനത്തിലെ ചർച്ച മുഴുവൻ. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജൂലൈയിൽ ചേർന്ന സി.പി.എം കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടിയതിന് സമാനമായ വീഴ്ചകളും ജാഗ്രത നിർദേശങ്ങളും അന്ന് സംഘടന റിപ്പോർട്ടിലുണ്ടായിരുന്നെങ്കിലും വേണ്ടവിധം ചർച്ച നടക്കുകയോ സംഘടനാപരമായ തുടർനീക്കങ്ങളുണ്ടാവുകയോ ചെയ്തിരുന്നില്ല.
പിന്നാലെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ ദയനീയ തോൽവിയും ഒടുവിൽ പാർട്ടിയുടെ അടിത്തറയിളക്കും വിധമുള്ള നിയമസഭ ജനവിധിയുമാണ് നവകേരളസ്വപ്നങ്ങൾ മാറ്റി അടിവേരുറപ്പിക്കാനുള്ള വീണ്ടുവിചാരത്തിലേക്ക് സി.പി.എമ്മിനെയെത്തിച്ചത്. കൊല്ലം സമ്മേളനത്തിൽ ‘ക്യാപ്റ്റന്റെ’ തുടർച്ചയെ കുറിച്ചായിരുന്നു ചർച്ചകളെങ്കിൽ ഒന്നര വർഷത്തിനിപ്പുറം വിശാല സംസ്ഥാന സമിതിയുടെ ഘട്ടത്തിൽ അതേ ക്യാപ്റ്റൻ കുറ്റാരോപിതന്റെ പരിവേഷത്തിലാണ്.
പാർട്ടി സമ്മേളനങ്ങളിൽ സാധാരണ സംഘടന കാര്യങ്ങൾക്കാണ് ഊന്നലെങ്കിൽ അതുമറികടന്ന് ഭരണകാര്യങ്ങളിലെ നയരേഖക്ക് പ്രാമുഖ്യം നൽകിയതാണ് കൊല്ലം സമ്മേളനത്തെ വ്യത്യസ്തമാക്കിയത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ് ‘നവ കേരളത്തെ നയിക്കാനുള്ള പുതുവഴികൾ’ എന്ന പേരിലെ 41 പേജുള്ള രേഖ സമ്മേളനത്തിൽ അവതരിപ്പിച്ചതും.
പിണറായിയുടെ ഒമ്പത് വർഷക്കാലത്തെ ഭരണ നേട്ടങ്ങൾക്കൊപ്പം ഭരണത്തുടർച്ചയുടെ ഉറച്ച സാധ്യതകളുമായിരുന്നു രേഖയുടെ ഉള്ളടക്കം. വികസനത്തിന് പണം കണ്ടെത്തുന്നതിന് സെസ് പിരിക്കാമെന്ന നിർദേശം അന്ന് വിവാദവുമായിരുന്നു.
സംസ്ഥാന നേതൃത്വം ഭരണത്തുടർച്ചയിൽ ഉറച്ച വിശ്വാസം പങ്കുവെക്കുമ്പോഴും തുടർഭരണത്തിന്റെ കാര്യത്തിൽ അമിത ആത്മവിശ്വാസം പാടില്ലെന്ന മുന്നറിയിപ്പ് അന്ന് പോളിറ്റ് ബ്യൂറോ അംഗം മാത്രമായിരുന്ന എം.എ. ബേബി നൽകിരുന്നു. ‘തുടർഭരണം വരണോ എന്ന കാര്യം ജനങ്ങൾ തീരുമാനിക്കേണ്ടതാണെന്നും എന്നാൽ ചെയ്യേണ്ട കാര്യങ്ങൾ തുടരണം, തുടർഭരണം കിട്ടിക്കഴിഞ്ഞു എന്നു പറഞ്ഞു പോകുന്നത് മൗഢ്യമാണെന്നു’മായിരുന്നു ബേബിയുടെ പ്രതികരണം.
ഈ ‘ചെയ്യേണ്ട കാര്യ’ങ്ങളിലുണ്ടായ വിടവുകളാണ് പിന്നീട് തെരഞ്ഞെടുപ്പ് ഫലങ്ങളിലെല്ലാം പ്രതിഫലിച്ചത്. തുടർഭരണം കിട്ടിയതോടെ പാർട്ടി നേതാക്കളിൽ പണമുണ്ടാക്കാനുള്ള ആർത്തിയാണെന്നും ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ ശുഭകരമല്ല കാര്യങ്ങളെന്നും അന്നേ സംഘടന റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ടായിരുന്നു. ജനങ്ങളുമായി പാർട്ടി അകന്നുവെന്നും അനുഭാവികളുമായുള്ള ബന്ധം പോലും നഷ്ടമാകുന്നുവെന്ന വിമർശനവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.