കോഴിക്കോട്: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേരളത്തിൽ റെയ്ഡുകൾ നടത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള മൂന്ന് പേർക്കെതിരെ മൊഴി നൽകിയത് പകപോക്കൽ രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് ആരോപിച്ചു. ഇ.ഡി നടത്തിയ റെയ്ഡുകളും പിന്നീട് പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാർമ്മികവും ദുരുദ്ദേശ്യപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
വൻകിട ബിസിനസ് തട്ടിപ്പുകളെല്ലാം തഴച്ചുവളരാൻ അനുവദിക്കുമ്പോൾ തന്നെ ചെറുതും വലുതുമായ സത്യസന്ധരായ മുസ്‌ലിം ബിസിനസുകാരെ വേട്ടയാടാൻ ഇ.ഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്‍റെ വർഗീയ അജണ്ടയാണ്. കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാൻ താൽപ്പര്യമില്ലാത്ത ഇ.ഡിയാണ് ഇപ്പോൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന മുസ്‌ലിം ബിസിനസുകൾക്ക് പിന്നാലെ പോകുന്നത്.
അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീടുകളിൽ കയറിയത്. വനിതാ ഉദ്യോഗസ്ഥയില്ലാതെയാണ് സ്ത്രീകൾ മാത്രമുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഈ നിയമ ലംഘനങ്ങൾ മറച്ചുവെക്കാനാണ് നിരപരാധികൾക്കെതിരെ കള്ളപ്പണത്തിന്‍റെ വിചിത്രമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ റെയ്ഡുകളും അവരുടെ ബിസിനസ്സിനെ സംഘടനയുമായി ബന്ധിപ്പിക്കുന്നതും അവരെ പീഡിപ്പിക്കാനും വേട്ടയാടാനും ലക്ഷ്യം വെച്ചുള്ളതാണെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.
കൊച്ചി: കേരളത്തിെൻറ വിവിധ ഭാഗങ്ങളിലെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽനിന്ന് കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്(ഇ.ഡി) വാർത്ത കുറിപ്പിൽ അറിയിച്ചു. നേതാക്കളുടെ ഉടമസ്ഥതയിലുള്ള മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പദ്ധതിയടക്കം കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിക്കുകയാണെന്നും അവർ പറയുന്നു.
അബൂദബിയിലെ ബാർ റസ്റ്റാറൻറ് എന്നിവ ഉൾപ്പെടെയുള്ള വിദേശ സ്വത്തുക്കൾ പോപുലർ ഫ്രണ്ട് നേതാക്കൾ സമ്പാദിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കുകയാണ്. സംഘടനക്ക് ലഭിക്കുന്ന വിദേശ ധനസഹായം, വിദേശത്തെ സ്വത്തുവകകൾ എന്നിവയെക്കുറിച്ചുള്ള രേഖകളും വിവരങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തും വിദേശത്തുമായി കള്ളപ്പണ നിക്ഷേപമുണ്ടെന്ന് തെളിയിക്കുന്നതാണ് രേഖകളെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ എട്ടിനായിരുന്നു പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെൻറ് റെയ്ഡ് നടത്തിയത്. കണ്ണൂർ പെരിങ്ങത്തൂരിലെ പോപുലർഫ്രണ്ട്, എസ്.ഡി.പി.ഐ അംഗമായ ഷഫീഖ് പായെത്ത്, പോപുലർ ഫ്രണ്ട് മലപ്പുറം പെരുമ്പടപ്പ് ഡിവിഷനൽ പ്രസിഡൻറ് അബ്്ദുൽ റസാഖ്, മൂവാറ്റുപുഴയിലെ പോപുലർഫ്രണ്ട് നേതാവ് എം.കെ. അഷ്റഫ് എന്നിവരുടെ വീടുകളിലും മൂന്നാറിലെ വില്ല വിസ്റ്റ പ്രോജക്ട് ഓഫിസിലുമായിരുന്നു റെയ്ഡ്. സംഭവം അറിഞ്ഞ് നിരവധി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.