കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ ബി.ജെ.പി അംഗത്തിന് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവും കൗൺസിലറുമായ ഫാത്തിമ തഹ്‌ലിയ. തങ്ങൾക്കാവുന്ന എല്ലാ വഴികളിലും താമരക്കുളം നനക്കുക എന്ന ലക്ഷ്യമേ കോഴിക്കോട്ടെ സി.പി.എമ്മിനുള്ളൂവെന്ന് ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കിൽ കുറിച്ചു.
സി.പി.എം ബി.ജെ.പിക്ക് വേണ്ടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നിലകൊണ്ടത്. കോർപറേഷൻ വാർഡ് വിഭജനത്തിലും വോട്ടർപട്ടികയിലും നടന്ന അട്ടിമറികൾ സ്റ്റാൻഡിങ് കമ്മിറ്റിയിലും ആവർത്തിക്കുകയാണെന്നും ഫാത്തിമ തഹ്‌ലിയ എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.
കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് വിഭജനത്തിൽ നിന്നും വോട്ടർപട്ടികയിലെ അട്ടിമറി വരെയും —
ഇന്നിപ്പോൾ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി പോലും നൽകുന്ന അവസ്ഥയിലേക്കും —
സി.പി.എം തുടർച്ചയായി ബി.ജെ.പിക്ക് വേണ്ടിയാണ് ഈ തദ്ദേശതെരഞ്ഞെടുപ്പിൽ നിലകൊണ്ടത്.
കോഴിക്കോട്ടെ സി.പി.എം-ന് ഇന്നൊരു ലക്ഷ്യമേ ഉള്ളൂ:
തങ്ങൾക്കാവുന്ന എല്ലാ വഴികളിലും താമരക്കുളം നനയ്‌ക്കുക എന്നത് മാത്രം...
കോഴിക്കോട് കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സി.പി.എം കൗൺസിലർ വിട്ടുനിന്നതിനെ തുടർന്നാണ് ബി.ജെ.പി അംഗം വിനീത സജീവൻ നികുതികാര്യ സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. കോർപറേഷന്‍റെ ചരിത്രത്തിൽ ആദ്യമായാണ് നികുതികാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ബി.ജെ.പിക്ക് ലഭിക്കുന്നത്.
ഒമ്പതംഗ നികുതികാര്യ സ്ഥിരംസമിതിയിൽ നാല് യു.ഡി.എഫ്, നാല് ബി.ജെ.പി, ഒരു എൽ.ഡി.എഫ് എന്നിങ്ങനെയാണ് അംഗങ്ങളുടെ എണ്ണം. വോട്ടെടുപ്പ് നടന്നപ്പോൾ എൽ.ഡി.എഫ് അംഗം വിട്ടുനിന്നു. ഇതോടെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ നാലുവീതമായി. ഇതേതുടർന്ന് നടന്ന നറുക്കെടുപ്പിലാണ് ബി.ജെ.പി അംഗം വിനീത സജീവൻ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.
ആകെയുള്ള ആറ് സ്ഥിരംസമിതി അധ്യക്ഷന്മാരിൽ ആറു പേർ എൽ.ഡി.എഫിൽ നിന്നാണ്. ഓരോന്ന് വീതം യു.ഡി.ഫിനും ബി.ജെ.പിക്കും ലഭിച്ചു. 10 വർഷത്തിന് ശേഷമാണ് യു.ഡി.എഫ് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പദവി പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.