കൊല്ലം: കോൺഗ്രസിൽ ചേർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ഐഷ പോറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഐഷ പോറ്റി വർഗ വഞ്ചകയെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും എന്നതിന് ഉദാഹരണമാണ് ഐഷ പോറ്റി ഇപ്പോൾ കാണിച്ചിരിക്കുന്ന പ്രവർത്തി. ഈ വഞ്ചനയെ നേരിടാനുള്ള കരുത്ത് കൊല്ലത്തെ പർട്ടിക്കുണ്ട്. പ്രതിഷേധങ്ങൾക്ക് മുതിരില്ലെന്നും സംയമനത്തോടെ നിലവിലെ സാഹചര്യത്തെ നേരിടുമെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
ഐഷ പോറ്റിക്ക് പാർട്ടിയിൽ നിന്ന് പോകാനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും കൊല്ലത്ത് ഉണ്ടായിരുന്നില്ല. ദീർഘകാലമായി പാർട്ടി എല്ലാ അംഗീകാരങ്ങളും നൽകി ചേർത്തുപിടിച്ച് വളർത്തിയ ആളാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, മൂന്നു തവണ എം.എൽ.എ, പാർട്ടി ജില്ല കമ്മിറ്റിയംഗം, മഹിള അസോസിയേഷൻ എക്സിക്യൂട്ടീവ് അടക്കം ബഹുജന സംഘടനാ തലത്തിലും ജനാധിപത്യ വേദികളിലും അർഹതപ്പെട്ടതിന് അപ്പുറമുള്ള സ്ഥാനങ്ങൾ കൊല്ലത്തെ പാർട്ടി നൽകിയിട്ടുണ്ട്.
ഇപ്പോൾ പാർട്ടി മാറിയതിന് ഒരു ന്യായവുമില്ല. വർഗ വഞ്ചനയാണ് കാണിച്ചതെന്ന് ഐഷ പോറ്റിക്കറിയാം. എല്ലാ മനുഷ്യർക്കായി നിൽക്കുന്നതെങ്കിൽ എങ്ങനെയാണ് കോൺഗ്രസിൽ പോകാൻ സാധിക്കുക. ഏത് പ്രശ്നത്തിലാണ് കോൺഗ്രസ് സാധാരണക്കാരായ മനുഷ്യർക്കൊപ്പം നിന്നിട്ടുള്ളത്.
സ്ഥാനമാനങ്ങൾ വേണ്ടെന്ന് പറയുന്ന ഐഷ പോറ്റി കൊട്ടാരക്കരയിൽ മത്സരിക്കുമെന്നും പറയുന്നു. അപ്പോൾ അത് സ്ഥാനമാനങ്ങൾക്കുള്ള ആർത്തി തന്നെയല്ലേ?. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി ഒരു മനുഷ്യനെ എങ്ങനെ വഷളാക്കും എന്നതിന്‍റെ ഉദാഹരണമാണ് ഐഷ പോറ്റി. അതിനപ്പുറം ഒന്നും പറയുന്നില്ലെന്നും ജെ. മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.