പത്തനംതിട്ട: കനത്ത പൊലീസ് സുരക്ഷയിൽ കോടതിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ചീമുട്ടയേറ്. തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് പുറത്തിറക്കുമ്പോഴായിരുന്നു സംഭവം.
മൂന്നാം ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുലിനെ എം.എൽ.എ സ്ഥാനം രാജിവെക്കാതെ പുറത്തേക്കിറങ്ങാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് യുവജന സംഘനടകൾ. കഴിഞ്ഞ ദിവസങ്ങളിലും കോടതിക്ക് മുന്നിൽ കടുത്ത പ്രതിഷേധം അരങ്ങേറിയിരുനനു.
മാവേലിക്കര സബ് ജയിലിലുള്ള രാഹുലിനെ വൈദ്യപരിശോധന നടത്തിയശേഷം രാവിലെ 11 ഓടെയാണ് കോടതിയിൽ എത്തിച്ചത്. 12.15-ന് കോടതി ചേർന്നു. രാഹുലിന്റെ കേസായിരുന്നു ആദ്യം. അറസ്റ്റ് നോട്ടീസിൽ രാഹുൽ ഒപ്പിടാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.
കസ്റ്റഡി അപേക്ഷ പരിഗണിക്കും മുൻപ് ജാമ്യപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വിഡിയോ കോൺഫറൻസിങ് വഴിയാണ്. മൊഴിയെടുത്താൽ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്ന നിയമം പാലിച്ചില്ല, കേസെടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണ് എന്നെല്ലാം പ്രതിഭാഗം ചൂണ്ടിക്കാട്ടി. തന്നെ കൊണ്ടുനടന്ന് പ്രദർശിപ്പിക്കാൻ ശ്രമമാണെന്നും രാഹുൽ വാദിച്ചു. അറസ്റ്റ് ചെയ്തപ്പോൾ തന്നെ അത്യാവശ്യ സമയം കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. മെനഞ്ഞെടുത്ത കഥയാണെന്നും ആവര്‍ത്തിച്ചു.
എന്നാൽ, ഇലക്ട്രോണിക് വസ്തുക്കൾ കണ്ടെടുക്കാൻ ഉണ്ടെന്നും പാലക്കാട് കൊണ്ടുപോയി തെളിവെടുക്കണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്ന് ദിവസം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ച് മൂന്ന് ദിവസം എസ്.ഐ.ടിയുടെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. രാഹുലിന്‍റെ ജാമ്യാപേക്ഷ 16ന് പരിഗണിക്കും.
ഇതോടെ, പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കും. അതിജീവിതയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും കണ്ടെത്താൻ അടൂരും പാലക്കാട്ടും രാഹുലിനെ എത്തിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.