ആനച്ചുണ്ട ചെടിയിൽ തക്കാളിച്ചെടി ഒട്ടിച്ചുചേർത്ത് യുവകർഷകൻ; കൂടുതൽ കാലം, കൂടുതൽ വിളവ്

കേളകം: ആനച്ചുണ്ട (Turkey berry) ചെടിയിൽ തക്കാളി വിളയിച്ച് വിളവെടുത്തതിന്റെ ആത്മസംതൃപ്തിയിലാണ് അടക്കാത്തോട്ടിലെ യുവകർഷകനായ തോമസ് പടിയക്കണ്ടത്തിൽ. ചുണ്ടയിൽ തക്കാളി മാത്രമല്ല പച്ചമുളകും ഗ്രാഫ്റ്റ് ചെയ്താണ് തന്റെ പച്ചക്കറിത്തോട്ടത്തെ പരീക്ഷണ കേന്ദ്രമാക്കി മാറ്റിയത്.

തക്കാളിക്ക് പിടിക്കുന്ന ദ്രുതവാട്ട രോഗം തടയാൻ പുതിയ പരീക്ഷണത്തിലൂടെ സാധിക്കുന്നുണ്ടെന്ന് തോമസ് പറഞ്ഞു. ചുണ്ട കാട്ടിനമായതിനാൽ ഈ രോഗം ബാധിക്കില്ലെന്നും വർഷങ്ങളോളം വിളവ് ലഭിക്കുമെന്നും ഇദ്ദേഹം പറയുന്നു. വരൾച്ചയെ അതിജീവിക്കാനുള്ള കഴിവുമുണ്ട്.

ഗ്രാഫ്റ്റിങ് (ഒട്ടിച്ചുചേർക്കൽ) എന്ന കൃഷിരീതിയിലൂടെയാണ് ചുണ്ട ചെടിയിൽ തക്കാളി വളർത്തുന്നത്. തക്കാളിക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കൂടുതൽ കാലം വിളവ് നൽകാനും സഹായിക്കും. വേരിലൂടെ പകരുന്ന രോഗങ്ങൾ തടയാനും ഫലപ്രദമാണ്. ചെടിയുടെ ആയുസ്സും വിളവും വർധിപ്പിക്കും. ഈ രീതിയിലൂടെ തക്കാളിയുടെയും ചുണ്ടയുടെയും ഗുണങ്ങൾ ഒത്തുചേരുന്നു. വേരിലൂടെ പകരുന്ന ബാക്ടീരിയൽ വാട്ടം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യുമെന്നും തോമസ് സ്വന്തം അനുഭവത്തിലൂ​ടെ പറയുന്നു.

തക്കാളി ചെടിയുടെ ഒട്ടുകമ്പ് (സയൺ) ചുണ്ടയോ വഴുതനയോ പോലുള്ള വേരുള്ള ചെടിയുടെ മൂല കാണ്ഡവുമായി (റൂട്ട് സ്റ്റോക്ക് ) ഒട്ടിച്ചുചേർക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ തക്കാളിയുടെ കായ്ഫലവും ചുണ്ടയുടെ വേരിന്റെ രോഗപ്രതിരോധശേഷിയും ഒത്തുചേരും. ഒരു ചെടിയിൽ തന്നെ പലയിനം ഗ്രാഫ്റ്റ് ചെയ്താണ് തോമസിന്റെ പരീക്ഷണം. പച്ചമുളക്, വഴുതന തുടങ്ങിയവ ചുണ്ടയിൽ ഗ്രാഫ്റ്റ് ചെയ്ത് വിളവെടുത്തിട്ടുണ്ട്.

Tags:    
News Summary - thomas padiyakkandathil's tomato grafting succes story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.