തിരുവനന്തപുരം: എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന ജോസ് കെ. മാണി പഴയ കൂടാരത്തിലേക്ക് മടങ്ങുമോ എന്ന ചർച്ച സജീവമായിരിക്കെ, വിസമയങ്ങൾ ഉണ്ടാകുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി ഇടതുമുന്നണി വിടുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഞങ്ങൾ നേരത്തെ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് മുമ്പായി കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും. യു.ഡി.എഫിലേക്ക് എൽ.ഡി.എഫിലുള്ള കക്ഷികളും എൻ.ഡി.എയിലുള്ള കക്ഷികളും നിഷ്പക്ഷരായ ആളുകളും വരും. അത് ആരൊക്കെയാണെന്ന് ഇപ്പോൾ ചോദിക്കരുത്. അത് സമയമാകുമ്പോൾ അറിയിക്കും. വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ, വിസ്മയം എന്താണെന്ന് കാണാം -സതീശന്‍ പറഞ്ഞു. കേരള കോൺഗ്രസ് ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അവരുടെ വിശ്വാസ്വതയെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി സർക്കാർ നടത്തിയ ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പബ്ലിക് റിലേഷൻസ് വകുപ്പ് ക്വിസ് മത്സരം നടത്തി എല്ലാ ചോദ്യത്തിനും ഉത്തരം പിണറായി വിജയൻ എന്ന് വരുത്തിത്തീർക്കുന്ന നാണം കെട്ട പരിപാടി കേരളത്തിൽ ഒരു സർക്കാറും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, സി.പി.എം മുൻ എം.എൽ.എ ഐഷ പോറ്റി കെ.പി.സി.സിയുടെ രാപ്പകൽ സമരവേദിയിലെത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. മൂന്ന് പതിറ്റാണ്ട് നീണ്ട ഇടതുബന്ധമാണ് മൂന്ന് തവണ എം.എൽ.എയായ ഐഷ പോറ്റി അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.