മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ നായർ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ നായർ (89) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍റർ ആശുപത്രിയിലായിരുന്നു അന്ത്യം. വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് അദ്ദേഹത്തിന്‍റെ ചികിത്സ തുടർന്നിരുന്നത്. സി.പി.ഐ അംഗമായ ചന്ദ്രശേഖരൻ നായർ ആറു തവണ എം.എൽ.എയും മൂന്നു തവണ മന്ത്രിയുമായിരുന്നു. 1957ലെ ആദ്യ കേരള നിയമസഭയിൽ അംഗമായിരുന്നു.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സി.പി.ഐ സംസ്ഥാന ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് 12 മണി മുതൽ കവടിയാറിലെ പണ്ഡിറ്റ് കോളനിയിലുള്ള വസതിയിലേക്ക് മാറ്റും. ഉച്ചക്ക് 2.30ന് തിരുവനന്തപുരം ശാന്തികവാടത്തിലാണ് ശവസംസ്ക്കാരം നടക്കുക. കാലിഫോർണിയയിൽ എൻജിനീയറായ മകൻ ജയചന്ദ്രൻ വെള്ളിയാഴ്ച രാവിലെ എത്തും.

1928 ഡിസംബര്‍ രണ്ടിന് കൊല്ലം എഴുകോണ്‍ സ്വദേശി ഇടയിലഴികത്ത് ഈശ്വരപിള്ള എന്ന ഈശ്വരപിള്ള വക്കീലിന്‍റെയും കൊല്ലം ഇരുമ്പനങ്ങാട് സ്വദേശി മുട്ടത്തുവയലില്‍ മീനാക്ഷിയമ്മയുടെയും മകനായാണ് ചന്ദ്രശേഖരന്‍ നായരുടെ ജനനം. കൊട്ടാരക്കര സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍, സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, ഇ.എസ്.എല്‍.സിക്ക് ശേഷം ചങ്ങനാശേരി എസ്.ബി കോളജിൽ നിന്ന് ഇന്‍റര്‍മീഡിയറ്റ് പഠനം പൂർത്തിയാക്കി. തുടര്‍ന്ന് അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്നും ഗണിതശാസ്ത്രത്തിലും എറണാകുളം ഗവണ്‍മെന്‍റ് ലോ കോളജില്‍ നിന്നും നിയമത്തിലും ബിരുദം നേടി. 

വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ ചന്ദ്രശേഖരന്‍ നായര്‍, ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുമെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ 1952ല്‍ അംഗമായിരുന്ന അദ്ദേഹം‍, കൊട്ടാരക്കര ടൗണ്‍ സെല്‍ സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, താലൂക്ക് സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, ദേശീയ കണ്‍ട്രോള്‍ കമീഷന്‍ അംഗം, സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1957നും 67ലും കൊട്ടാരക്കര, 77ലും 80ലും ചടയമംഗലം, 87ൽ പത്തനാപുരം, 96ൽ കരുനാഗപള്ളി എന്നീ നിയോജക മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലെത്തി. 

1980-81, 1987-91, 1996-2001 എന്നീ കാലയളവിൽ ഭക്ഷ്യം, പൊതുവിതരണം, ഭവനനിര്‍മാണം, മൃഗസംരക്ഷണം, ക്ഷീരവികസനം ഉപഭോക്തൃകാര്യം, വിനോദസഞ്ചാരം, വികസനം, നിയമം, സഹകരണസംഘങ്ങള്‍ എന്നീ വകുപ്പുകളുടെ മന്ത്രിയായി. 1958-87 വരെ കൊല്ലം ജില്ലാ ബാങ്ക് പ്രസിഡന്‍റ്, 1972-80 വരെ സംസ്ഥാന സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റായും അദ്ദേഹം പ്രവർത്തിച്ചു. മികച്ച പാര്‍ലമെന്‍റേറിയനുള്ള ആര്‍. ശങ്കരനാരായണന്‍ തമ്പി സ്മാരക പുരസ്‌കാരം അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരള നിയമസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചന്ദ്രശേഖരന്‍ നായരെ സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു.

കേരളവികസന മാതൃക ഇനി എങ്ങോട്ട്?, ഹിന്ദുമതം ഹിന്ദുത്വം, ചിതറിയ ഓര്‍മകള്‍, മറക്കാത്ത ഓര്‍മകള്‍ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഹിന്ദുമതം ഹിന്ദുത്വം എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ കെ.ആര്‍ നമ്പൂതിരി പുരസ്‌കാരം ലഭിച്ചു. ജനയുഗം ദിനപത്രത്തിന്‍റെ മാനേജിങ് എഡിറ്ററായിരുന്ന ചന്ദ്രശേഖരന്‍ നായര്‍, 2007 മുതല്‍ പത്രത്തില്‍ ‘ഇടപെടല്‍’ എന്ന പംക്തി എഴുതിയിരുന്നു.

Tags:    
News Summary - E ChandraSekharan Nair passed away-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.