സൂക്ഷിച്ച് വണ്ടി ഓടിച്ച് നേരത്തേ വീട്ടിലെത്തണം; ഉപദേശവുമായി ആലപ്പുഴ കലക്ടർ, ആരെ ഉദ്ദേശിച്ചാണെന്ന് കമന്റുകൾ

ആലപ്പുഴ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍ കൃഷ്ണ തേജ ഐ.എ.എസിന്‍റെ ഫേസ്ബുക്ക് കുറിപ്പ് രണ്ട് ദിവസമായി വൈറലാണ്. ബുധനാഴ്ച ​വൈകിട്ടും കല്കടർ ഇട്ട പോസ്റ്റ് വൈറലായിരുന്നു. വ്യാഴാഴ്ച വീണ്ടും കുട്ടികളെ അഭിസംബോധന ചെയ്ത് കലക്ടർ ഇട്ട പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന കുറിപ്പില്‍ സ്നേഹം നിറഞ്ഞ ഭാഷയിലാണ് അഭിസംബോധന ചെയ്യുന്നത്. കുറിപ്പിലെ ഓരോ വാക്കുകളും ഏറ്റെടുത്ത ജനം അതിലെ ഉപദേശം മുന്‍ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോടാണോയെന്നും ചോദിച്ചു രംഗത്തെത്തിയിട്ടുണ്ട്. 'മാതാപിതാക്കളോട് കുട്ടികള്‍ സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്ന് സ്നേഹത്തോടെ പറയണമെന്ന' ഭാഗമാണ് സോഷ്യല്‍ മീഡിയയുടെ ട്രോളിനിരയാകുന്നത്. ആയിരത്തിന് താഴെ മാത്രം ലൈക്ക് ഉണ്ടായിരുന്ന കലക്ടറുടെ പേജ് ഇപ്പോൾ പതിനായിരങ്ങളാണ് ലൈക്ക് ചെയ്യുന്നത്. ജില്ലക്ക് പുറത്തുള്ളവരും കമന്റുകളുമായി എത്തുന്നുണ്ട്.

 


'സൂക്ഷിച്ചു വണ്ടി ഓടിക്കുക, ഇത് ആരെയോ ഉദേശിച്ച് പറഞ്ഞ പോലെ, വെങ്കിട്ടരാമനെ നൈസ് ആയിട്ടങ്ങ് ഊതിയല്ലോ കലക്ടര്‍ ബ്രോ, സൂക്ഷിച്ചു വണ്ടി ഓടിക്കുക എന്നു പറയുക, കലക്ടര്‍ മാമന്‍ പൊളിയാണ്, ജീവന് വില കല്‍പ്പിക്കുന്ന കലക്ടര്‍', എന്നിങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്‍റുകള്‍. ആലപ്പുഴ കലക്ടര്‍ രണ്ടു ദിവസമായി ആരെയോ ട്രോളുന്നത് പോലെയെന്ന കമന്‍റും ചിലര്‍ പങ്കുവെച്ചു. മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആലപ്പുഴ ജില്ലയിലെ മുന്‍ കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍. ശ്രീറാം വെങ്കിട്ടരാമന്‍റെ കലക്ടറായുള്ള നിയമനത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി കൃഷ്ണ തേജ ഐ.എ.എസിനെ ചുമതല ഏല്‍പ്പിക്കുന്നത്. സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ പുതിയ നിയമനം. വെറും ആറ് ദിവസങ്ങൾ മാത്രമാണ് ശ്രീറാം ആലപ്പുഴ കലക്ടർ ആയി സേവനം അനുഷ്ഠിച്ചത്.

ആലപ്പുഴ കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയപ്പെട്ട കുട്ടികളെ,

നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ...

മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം.

ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.

ഒരുപാട് സ്‌നേഹത്തോടെ

നിങ്ങളുടെ പ്രിയപ്പെട്ട

കലക്ടര്‍ മാമൻ

Tags:    
News Summary - drive carefully and come early in the evening alappuzha collectors advice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.