ജയ്പൂരില്‍ നടന്ന നാഷനല്‍ ക്വിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് രണ്ട് സ്വര്‍ണ മെഡലുകള്‍. 60/70 കിലോഗ്രാം വിഭാഗത്തിൽ പോയിന്റ് ഫൈറ്റ് വിഭാഗത്തിലും റിങ് വിഭാഗത്തിലുമാണ് സ്വര്‍ണ മെഡലുകള്‍ നേടിയത്. കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനാണ് ഡോ. അനു. കേരളത്തിന് അഭിമാനകരമായ പോരാട്ടം നടത്തി രണ്ട് സ്വര്‍ണ മെഡലുകള്‍ നേടിയ ഡോ. അനുവിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.
രണ്ടു കുഞ്ഞുങ്ങളുടെ അമ്മയെന്ന ഉത്തരവാദിത്തങ്ങൾക്കും ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കുമിടയിലാണ് അനു ക്വിക്ക് ബോക്‌സിങ്ങിനോടുള്ള അഭിനിവേശം ചേർത്തുപിടിച്ചത്. സമ്മര്‍ദം ഒഴിവാക്കാനും സ്വയം പ്രതിരോധത്തിനും വേണ്ടി ഒരു വ്യായാമം എന്ന നിലയിലാണ് കോട്ടയത്ത് അവർ ബോക്സിങ് പരിശീലനത്തിന് പോയത്. ഡോ. വന്ദനയുടെ വിയോഗമാണ് സ്വയം പ്രതിരോധത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്.
മൂന്നുവര്‍ഷം കൊണ്ട് ഒരു പ്രഫഷനല്‍ ബോക്സിങ് താരത്തെ പോലെയായി. ഇതോടെയാണ് ദേശീയതല ക്വിക്ക് ബോക്സിങ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. ഡോ. അനുവിന് 35 വയസ് പ്രായമുണ്ട്. അതേസമയം ബോക്സിങ് മത്സരത്തില്‍ പങ്കെടുത്തവരെല്ലാം 25ല്‍ താഴെ പ്രായമുള്ളവരായിരുന്നു. 'വെറുതേ ഇടിമേടിച്ച് പഞ്ചറാകാനാണോ വന്നതെന്ന്' പലരും അടക്കം പറഞ്ഞ് ചിരിച്ചു. ഫെഡറല്‍ ബാങ്ക് മാനേജര്‍ കൂടിയായ ഭര്‍ത്താവ് ജിഷ്ണു ആത്മവിശ്വാസം നല്‍കി.
പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ കുഴപ്പമില്ല, ടൈം ഔട്ട് വിളിച്ച് മതിയാക്കാന്‍ ഉപദേശിച്ചു. അതേസമയം മത്സരത്തിനായി ബോക്സിങ് കളത്തിലേക്ക് ഇറങ്ങിയതോടെ കളിയാക്കിയവര്‍ വിയര്‍ത്തു. ഡോ. അനുവിന്റെ ക്വിക്കുകള്‍ തടുക്കാനാകാതെ അവരെല്ലാം തോറ്റു. ഡോ. അനുവിന് രണ്ട് വിഭാഗങ്ങളില്‍ സ്വര്‍ണമെഡല്‍.
ഗുരുവും കേരള ക്വിക്ക് ബോക്സിങ് അസോസിയേഷന്‍ പ്രസിഡന്റുമായ സന്തോഷ് കുമാറിന്റെ പരിശീലനം തന്റെ വിജയത്തില്‍ ഏറെ പങ്കുവഹിച്ചതായി ഡോ. അനു പറഞ്ഞു. മുമ്പ് രണ്ട് സിസേറിയനുകള്‍ അടുപ്പിച്ച് കഴിഞ്ഞതിനാല്‍ ശാരീരികമായി ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. മനസിലെ ആഗ്രഹവും നല്ല പരിശീലനവുമുണ്ടെങ്കില്‍ എവിടേയും വിജയിക്കാനാകും. പ്രായം തടസ്സമല്ലെങ്കില്‍ കൂടുതല്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനാണ് താൽപര്യമെന്നും ഡോ. അനു പറഞ്ഞു.
തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പിജിയും നേടിയ ശേഷമാണ് ആരോഗ്യ വകുപ്പില്‍ ജോലി കിട്ടുന്നത്. കെ.ജി.എം.ഒ.എ കോട്ടയം ജോയിന്റ് സെക്രട്ടറിയാണ് ഡോ അനു. രണ്ട് മക്കള്‍ ആദിശേഷന്‍ (6) ബാനി ദ്രൗപദി (4).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.