തിരുവനന്തപുരം: ഇരട്ടിപ്പുകൾ ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ തയ്യാറാക്കിയ എസ്.ഐ.ആർ കരടിലും ഇരട്ടിപ്പുകൾ. ഒന്നിലധികം നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ മിക്ക ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്യൂമറേഷനിലെ പോരായ്മകൾ മുതൽ വോട്ടർമാർ വിവരം മറച്ചുവെച്ചത് വരെ ഇതിന് കാരണമാണെന്നാണ് വിലയിരുത്തൽ.
ഡിജിറ്റൈസേഷന് വിപുലമായ സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ബി.എൽ.ഒ ആപിലാകട്ടെ, ഇരട്ടിപ്പുകൾ കണ്ടെത്താനും തടയാനും സൗകര്യമില്ല. ‘കണ്ടെത്താനാകാത്തവരുടെ’ പട്ടികയിൽ ‘അൺ ട്രെയിസബിൾ’ എന്നും ‘പെർമനന്റ്ലി ഷിഫ്റ്റഡ്’ എന്നും ചേർത്തവരിൽ പലതും ഇരട്ടിപ്പുകളാണെന്നും എന്യൂമറേഷൻ കൃത്യമായി നടക്കാത്തതിന്റെ പോരായ്മാണിതെന്നുമാണ് വിവരം. ഒരു വോട്ടർ രണ്ടിടത്തെ പട്ടികയിൽ ഉണ്ടെങ്കിൽ ഒരിടത്ത് നിലനിർത്തി രണ്ടാമത്തേത് ‘ഇരട്ടിപ്പ്’ എന്ന് മാർക്ക് ചെയ്ത് ആപിൽ അപ്ലോഡ് ചെയ്യണം. പേര് ഒഴിവാക്കേണ്ടത് ഏത് ബൂത്തിലേതാണോ അവിടത്തെ ബി.എൽ.ഒ, പേര് നിലനിർത്തേണ്ട ബൂത്തിലെ വോട്ടറുടെ എപിക് നമ്പർ സമാഹരിച്ച് ഇരിട്ടിപ്പായി വന്ന എന്യൂമറേഷൻ ഫോമിൽ ചേർത്ത് അപലോഡ് ചെയ്യണം. അപ്പോഴാണ് കണ്ടെത്താനാകാത്തവരുടെ പട്ടികയിലെ ‘ഇരിട്ടിപ്പ്’ എന്ന കോളത്തിൽ ഈ പേര് ഉൾപ്പെടൂ.
അതേ സമയം, വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനുള്ള കമീഷന്റെ ധൃതിയിലും സമ്മർദത്തിലും പല ബി.എൽ.ഒമാർക്കും ഇത്തരം കേസുകളിൽ നടപടികൾ പൂർത്തിയാക്കി ഇരട്ടിപ്പായി മാർക്ക് ചെയ്യാൻ കഴിഞ്ഞില്ല. പകരം ‘അൺട്രെയിസബിൾ’ എന്നോ ‘പെർമനന്റ്ലി ഷിഫ്റ്റഡ്’ എന്നോ എഴുതി നടപടി പൂർത്തിയാക്കുകയാണ് ചെയ്തത്. ഫലത്തിൽ രണ്ടിടത്തും പേരുള്ളയാൾ ഒരിടത്ത് പട്ടികയിൽ ഉൾപ്പെടുകയും രണ്ടാമത്തെ സ്ഥലത്ത് ‘അൺട്രെയിസബിൾ’ ആകുന്ന സാഹചര്യവുമുണ്ടായി.
ബന്ധുക്കൾ ഫോമിൽ ഒപ്പിട്ട് നൽകിയാൽ മതിയെന്ന നിർദേശം വന്നതോടെ മറ്റിടത്ത് താമസമുള്ളവരുടെയടക്കം കിട്ടിയ ഫോമുകളെല്ലാം, അവർ നിലവിൽ താമസിക്കുന്ന ബൂത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താതെ ഒപ്പിട്ട് നൽകിയ കേസുകളും കരട് പട്ടികയിൽ ആവർത്തനമായി വന്നിട്ടുണ്ട്. ബി.എൽ.ഒ ആപിന്റെ പോരായ്മയാണ് ഇരട്ടിപ്പിനുള്ള മറ്റൊരു കാരണം. ഡിജിറ്റൈസ് ചെയ്യുന്ന ആൾ മറ്റൊരിടത്ത് ഉൾപ്പെട്ടോ എന്ന കാര്യം ഓൺലൈനായി സ്ഥിരീകരിക്കാൻ മാർഗമില്ല. വോട്ടറുടെയും പിതാവിന്റെയും പേര് നൽകുമ്പോൾ, സമാനമായി സംസ്ഥാനത്തുള്ള പേര് വിവരങ്ങൾ മുഴുവനായി സ്ക്രീനിൽ തെളിയും. ചിലപ്പോൾ വയസ്സ് പോലും സമാനമാകും.
എന്നാൽ, ഇത് വെച്ച് താൻ ഡിജിറ്റൈസ് ചെയ്യാൻ ശ്രമിക്കുന്നയാളാണോ സ്ക്രീനിലുള്ളതെന്ന് സ്ഥിരീകരിക്കാൻ ബി.എൽ.ഒക്കാവില്ല. അദ്ദേഹം ഫോമിലെ വിവരങ്ങൾ നൽകി ഡിജിറ്റൈസേഷൻ പൂർത്തിയാക്കുകയാണ് ചെയ്തത്. ഫലത്തിൽ ഇരട്ടിപ്പുണ്ടെങ്കിലും അത് ഇരട്ടിപ്പായി തന്നെ ശേഷിക്കുന്ന സ്ഥിതിയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.