മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെ
നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ ചേംബറിലേക്ക്
തള്ളിക്കയറി ഇരിപ്പിടത്തിൽ കറുത്ത തുണി വിരിക്കുന്നു
തൃശൂർ: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂര്‍ കോര്പറേഷന് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയിൽ 20 കോടിയുടെ ക്രമക്കേട് നടന്നെന്ന് തദ്ദേശഭരണവകുപ്പിന് സെക്രട്ടറിയുടെ പരാതി. പരാതിക്ക് പിന്നാലെ സെക്രട്ടറിയെ നീക്കി. കോർപറേഷൻ സെക്രട്ടറിയായിരുന്ന ആർ. രാഹേഷ് കുമാർ ആണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് ക്രമക്കേട് നടന്നതായി അറിയിച്ച് കത്തയച്ചത്.
ടെൻഡർ നടപടികളിൽ മേയർ ഇടപെട്ടുവെന്നും ക്രമരഹിതമായി ബില്ലുകൾ പാസാക്കാനാവില്ലെന്ന് പറഞ്ഞതിനെ തുടർന്ന് തന്റെ ജീവന് ഭീഷണി ഉണ്ടെന്നും രാഹേഷ് കുമാർ കത്തിൽ ആരോപിക്കുന്നു. കത്ത് പുറത്തു വന്നതിന് പിന്നാലെ മേയർക്കെതിരെ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി. അമൃത് പദ്ധതിയുടെ ഭാഗമായി 800 എം.എം പൈപ്പ് സ്ഥാപിച്ച് പീച്ചിയിൽ നിന്ന് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയിൽ 20 കോടിയുടെ ക്രമക്കേടുണ്ടായെന്നാണ് മുൻ കോർപറേഷൻ സെക്രട്ടറി രാഹേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. ഇക്കൊല്ലം മാര്‍ച്ചിലാണ് പദ്ധിക്കായി ഇ-ടെൻഡര്‍ ക്ഷണിച്ചത്. ഒരു കമ്പനിയൊഴികെ മറ്റൊന്നും യോഗ്യമല്ലെന്ന് കണ്ട് ചീഫ് എൻജിനീയര്‍ തള്ളിയെങ്കിലും എല്ലാ കമ്പനികള്‍ക്കും യോഗ്യതയുണ്ടെന്നാണ് സൂപ്രണ്ടിങ് എൻജിനീയര്‍ രേഖാമൂലം എഴുതിയത്.
പിന്നാലെ മേയറില്‍നിന്ന് അനുമതി തേടി ഫിനാൻഷ്യല്‍ ബിഡ് ഉറപ്പിക്കുകയായിരുന്നുവെന്നും ഇത് നിയമ ലംഘനമാണെന്നും രാഹേഷ് കുമാർ ആരോപിക്കുന്നു. അനുമതി നല്കിയ കാര്യം മേയര്‍ കൗണ്‍സിലിനെ അറിയിച്ചില്ല. ലോവസ്റ്റ് മാര്‍ക്കറ്റ് ടെൻഡര്‍ കണക്കാക്കാത്തതില്‍ മാത്രം അഞ്ചരക്കോടിയുടെ നഷ്ടമുണ്ടായതായും പറയുന്നു. ക്രമരഹിതമായ ബില്ലുകൾ പാസാക്കാനാകില്ലെന്ന് നിലപാടെടുത്ത തന്നെ കൊല്ലുമെന്നും സ്ഥലം മാറ്റുമെന്നും ഭീഷണിപ്പെടുത്തിയതായും രാഹേഷ് കുമാർ കത്തിൽ ആരോപിക്കുന്നു. കഴിഞ്ഞമാസം 27നാണ് കത്തയച്ചത്.
തൃശൂർ: അമൃത് പദ്ധതിയിലെ ക്രമക്കേട് ആരോപണം തള്ളി മേയര്‍ എം.കെ. വര്‍ഗീസ്. പുറത്തുവന്ന വാര്‍ത്തകള്‍ കത്തിന്റെ സാരാംശങ്ങളില്‍ ഊന്നിയതാണെന്നും മേയര്‍ പറഞ്ഞു. സെക്രട്ടറി ചെയ്ത തെറ്റ് മറക്കാന്‍ എഴുതി തയാറാക്കിയ വസ്തുതകള്‍ക്ക് നിരക്കാത്ത വിഷയങ്ങളാണിവ. വാട്ടര്‍ അതോറിറ്റിക്ക് ചെയ്യാന്‍ സാധിക്കാത്തത് മൂലമാണ് കോര്പറേഷന് പദ്ധതി ഏറ്റെടുത്തത്.
ഏത് അന്വേഷണത്തിനും തയാറാണെന്നും മേയര്‍ പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിന്റെ സമരത്തെ നിശിതമായി വിമർശിച്ച് സി.പി.എം രംഗത്തെത്തി. വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയാണ് ആദ്യം വേണ്ടതെന്ന് മേയർക്കൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുത്ത സി.പി.എം പാർലമെന്ററി പാർട്ടി നേതാവും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ഷാജനും വർഗീസ് കണ്ടംകുളത്തിയും പറഞ്ഞു. ശനിയാഴ്ച കോർപറേഷനിൽ എൽ.ഡി.എഫ് പ്രതിഷേധം നടക്കുമെന്നും അറിയിച്ചു.
തൃശൂർ: മുൻ സെക്രട്ടറി ആർ. രാഹേഷ് കുമാറിന്റെ കത്ത് പുറത്തു വന്നതിൽ മേയറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധം. മേയറുടെ ചേംബറിലേക്ക് കയറിയ പ്രതിപക്ഷം ഇരിപ്പിടത്തിൽ കറുത്ത തുണി വിരിച്ച് മേയർ രാജിവെക്കണമെന്ന പോസ്റ്ററും പതിച്ചു. സർക്കാറിന് രേഖപ്രകാരം പരാതി നൽകിയ സാഹചര്യത്തിൽ മേയർ എം.കെ. വർഗീസ് രാജിവെക്കണമെന്ന് പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു.
കോർപറേഷനുള്ളിൽ സമരം നടന്നുകൊണ്ടിരിക്കുമ്പോൾ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയ ഡെപ്യൂട്ടി മേയർ എം.എൽ. റോസിയെ കാർ പോർച്ചിൽ വെച്ച് കോൺഗ്രസ് കൗൺസിലർമാർ തടഞ്ഞു.ഓഫിസിനുള്ളിൽ പ്രവേശിപ്പിക്കാതെ തടഞ്ഞതിൽ ഡെപ്യൂട്ടി മേയർ തിരിച്ചു പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.