കോടികളുടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: മുഖ്യപ്രതികൾ തെലങ്കാനയിൽ അറസ്റ്റിൽ

കൊച്ചി: രാജ്യവ്യാപകമായി നടന്ന ഡിജിറ്റൽ അറസ്റ്റ്, സൈബർ ട്രേഡിങ് തട്ടിപ്പ് കേസുകളിലെ മുഖ്യപ്രതികൾ തെലങ്കാനയിൽ അറസ്റ്റിൽ. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് 10 ദിവസം വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഡിജിറ്റൽ അറസ്റ്റ് കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ജീഡി മെറ്റ്‌ല പ്രദേശത്തുനിന്ന് നിരഞ്ജൻ ചൗധരിയെയും(40) ടെലഗ്രാം ട്രേഡിങ് സൈബർ തട്ടിപ്പ് കേസിൽ സബ്സാ കോളനിയിൽനിന്ന് സയ്യിദ് ഹസൻ അലിയെ(39)യുമാണ് അറസ്റ്റ് ചെയ്തത്.

എറണാകുളത്തെ വയോധികക്ക് ഡിജിറ്റൽ അറസ്റ്റ് ഭീഷണിയെ തുടർന്ന് നഷ്ടപ്പെട്ട ആറുകോടിയോളം രൂപയിൽ മൂന്നുകോടി ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ശാന്തൻ ആർട്സ് ആൻഡ് പ്രിന്‍റേഴ്സ് ഉടമ നിരഞ്ജൻ ചൗധരി തട്ടിയെടുത്തതായും തുക വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പിൻവലിച്ചശേഷം കംബോഡിയ ആസ്ഥാനമായ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തിയിരുന്നു. എറണാകുളത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറുടെ 38 ലക്ഷം നഷ്ടമായ കേസിൽ പ്രതിയുടെ ബാങ്ക് അക്കൗണ്ടിന് ബന്ധമുള്ളതായി വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അനേഷണത്തിൽ സയ്യിദ് ഹസൻ അലി ടെലിഗ്രാം ട്രേഡിങ് സൈബർ തട്ടിപ്പിലൂടെ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കോടികൾ കൈമാറിയതായും കണ്ടെത്തി.

വിവിധ സംസ്ഥാനങ്ങളിൽ സയ്യിദ് ഹസ്സൻ അലിക്കെതിരെ 31 സൈബർ കേസുകളുണ്ട്. രാജ്യത്തെ വിവിധ സ്റ്റേഷനുകളിലെ പരാതികളിലായി പ്രതിയുടെ 2.71 കോടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. ദുബൈ കേന്ദ്രമായ സൈബർ തട്ടിപ്പ് ശൃംഖലയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു.

അതീവ അപകടകരമായ സാഹചര്യങ്ങൾ നേരിട്ടാണ് അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. സൈബർ ക്രൈം എ.സി.പി അനിൽകുമാർ, ഇൻസ്പെക്ടർ ഷമീർഖാൻ, എ.എസ്.ഐ ശ്യാം, എസ്.സി.പി.ഒമാരായ അജിത് രാജ്, അരുണ്‍, കെ.ആർ. അനീഷ്, നിഖിൽ, അജിത് ബാലചന്ദ്രൻ, സി.പി.ഒമാരായ ബിന്ദോഷ്, ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Digital arrest fraud worth crores: Main accused arrested in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.