തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്ന കടുത്ത വിവാദങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെ ഉത്തരവ് ഭേദഗതി ചെയ്തു. ദേവസ്വം മന്ത്രിയുടെ കത്തിന്റെ കൂടി അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ചേർന്ന ബോർഡ് യോഗതീരുമാന പ്രകാരമാണ് 75 പേരുടെ സ്ഥലംമാറ്റത്തിൽ 20 പേരുടെ മാറ്റം പുനഃപരിശോധിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. വിവാദത്തിലുൾപ്പെട്ട ഉദ്യോഗസ്ഥരെ പുതിയ ഉത്തരവിൽ മാറ്റിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്.ഐ.ടി ചോദ്യം ചെയ്തെന്ന ആരോപണവിധേയനായ ദേവസ്വം മുൻ ക്ലർക്ക് ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റന്റ് ഓഡിറ്ററായി മാറ്റിയാണ് നിയമിച്ചത്. ഇയാൾക്ക് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ തസ്തികയിലാണ് പഴയ ഉത്തരവിൽ നിയമനം നൽകിയത്. വിജിലൻസ് ഓഫിസറായി നേരത്തെ നിയമിച്ച ജെ.എസ്. വിഷ്ണുവിനെ പുതിയ ഉത്തരവ് പ്രകാരം മുണ്ടക്കയം അസിസ്റ്റന്റ് ദേവസ്വം കമീഷണറാക്കി. ഇതിനുപുറമെ 18 ഉദ്യോഗസ്ഥരെയാണ് വിവിധ തസ്തികകളിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.