എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ അന്വേഷണം
കോട്ടയം: പി.വി. അൻവർ എം.എല്‍.എ ഉയർത്തിയ ആരോപണങ്ങളിൽ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ അന്വേഷണം. അൻവറിന്‍റെ ആരോപണങ്ങളിൽ അന്വേഷണം അനിവാര്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. അന്വേഷണം നടന്നാൽ മാത്രമേ സേനയുടെ വിശ്വാസ്യത സംരക്ഷിക്കാൻ കഴിയൂവെന്നുമാണ് ഡി.ജി.പി അറിയിച്ചത്. പൊലീസിലെ അച്ചടക്കലംഘന ആരോപണങ്ങളിൽ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
പൊലീസ് എ.ഡി.ജി.പി അജിത് കുമാറിനെതിരെ കൊലപാതകമടക്കമുള്ള അതീവ ഗുരുതര കുറ്റങ്ങളാണ് അൻവർ ആരോപിച്ചത്. എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും ആരോപിച്ചിരുന്നു. പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പായി എ.ഡി.ജി.പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിൽ പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് പ്രമുഖരുടെ വിവരങ്ങൾ ചോർത്താൻ സൈബര്‍ സെല്ലില്‍ എ.ഡി.ജി.പി പ്രത്യേക സംവിധാനം ഒരുക്കി. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും മാധ്യമപ്രവർത്തകരുടെയും ഫോണ്‍കോള്‍ ചോർത്തുന്നു. ഇതിനായി അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. കരിപ്പൂരിലെ സ്വർണക്കടത്തുമായി അജിത് കുമാറിന് ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ട്. പത്തനംതിട്ട എസ്.പി സുജിത് ദാസ് മലപ്പുറം എസ്.പിയായിരിക്കെ അജിത്ത് കുമാറിന്റെ നിർദേശ പ്രകാരം സ്വർണ്ണം പിടികൂടി പങ്കിട്ടെടുത്തുവെന്നും അൻവർ ആരോപിച്ചിരുന്നു.
അതിനിടെ, പത്തനംതിട്ട എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാർശ ചെയ്യുന്ന വകുപ്പുതല റിപ്പോർട്ട് പുറത്തുവന്നു. എം.എല്‍.എയെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനമാണെന്നും ഓഡിയോ പുറത്തുവന്നത് പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയെന്നുമാണ് റിപ്പോർട്ട്. റേഞ്ച് ഡി.ഐ.ജി എസ്. അജീത ബീഗം സമർപ്പിച്ച റിപ്പോർട്ട് ഡി.ജി.പി ഇന്ന് സർക്കാറിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.