ആന്റോ അഗസ്റ്റിൻ
ആന്‍റോ അഗസ്റ്റിൻ രണ്ട് കേസുകളിൽ മുൻകൂർ ജാമ്യഹരജി നൽകി
കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പ്, മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം എന്നീ കേസുകളിൽ മുൻകൂർ ജാമ്യ ഹരജി നൽകി റിപ്പോർട്ടർ ചാനൽ ഉടമ ആന്‍റോ അഗസ്റ്റിൻ. മെസ്സി അടങ്ങുന്ന അർജന്‍റീനിയൻ ഫുട്ബാൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലും മുഖ്യമന്ത്രിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വക്താവ് രാജു പി. നായർ നൽകിയ പരാതിയിലെടുത്ത കേസിലുമാണ് മുൻകൂർ ജാമ്യം തേടി എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയത്.
തന്നോടുള്ള വിരോധത്തിന്‍റെ ഭാഗമായി അനാവശ്യമായാണ് കേസുകളിൽ പ്രതിയാക്കിയതെന്നും രണ്ട് കേസുകളിലും അന്യായമായി അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. മെസ്സി ടീം തട്ടിപ്പ് കേസിലെ ഹരജി വ്യാഴാഴ്ച കോടതി പരിഗണിച്ചേക്കും. വ്യാജ ആരോപണ കേസിലെ മുൻകൂർ ജാമ്യ ഹരജി കോടതി 26ന് പരിഗണിക്കാൻ മാറ്റി.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സർക്കാർ പദ്ധതിയാണെന്ന് സ്പോൺസറായ ആന്റോ അഗസ്റ്റിൻ, കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫിസർ കെ.കെ. സജിനിക്ക് നൽകിയ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അർജന്റീനൻ ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതിയിൽ എങ്ങനെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഭാഗമായത് എന്ന ചോദ്യത്തിന് നൽകിയ മൊഴിയാണ് പുറത്തുവന്നത്.
സർക്കാർ തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് ജി.എസ്.ടി വകുപ്പിന് ആന്റോ അഗസ്റ്റിൻ മറുപടിയാണ് നൽകിയത്. ആദ്യം സർക്കാർ സമീപിച്ചത് ഗോൾഡ് മർച്ചന്റ്സ് അസോസിയേഷനെയാണ്. എന്നാൽ, അവർക്ക് ആവശ്യമായ പണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് റിപ്പോർട്ടർ കമ്പനിയെ സമീപിച്ചത്. അർജന്റീനൻ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് കളികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. അത് സ്പോൺസർ ചെയ്യണം. അങ്ങനെയാണ് പണം നൽകാൻ തങ്ങൾ തീരുമാനിച്ചത്. ആ പരിപാടി ഏറ്റെടുത്താൽ കമ്പനിയുടെ മൂല്യം വർധിക്കുമെന്ന് തോന്നിയെന്നും ആന്റോയുടെ മൊഴിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.