ഭിന്നശേഷിക്കാർക്ക് വലിയ ആശ്വാസം; വാഹന നികുതി ഇളവ് ഏഴുലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്തി
തിരുവനന്തപുരം: ഭിന്നശേഷിക്കാർ വാങ്ങുന്ന മോട്ടോർ വാഹനങ്ങൾക്ക് നൽകിവരുന്ന നികുതി ഇളവിന്‍റെ പരിധി ഏഴ് ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷമായി സംസ്ഥാന സർക്കാർ വർധിപ്പിച്ചു. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം തുടങ്ങിയവയുള്ളവർ വാങ്ങുന്ന വാഹനങ്ങൾക്കായിരുന്നു നേരത്തെ ഏഴ് ലക്ഷം രൂപ വരെയുള്ള പർച്ചേസ് മൂല്യത്തിന് മോട്ടോർ വാഹന നികുതിയിൽ ഇളവ് നൽകിയിരുന്നത്.
2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് പ്രസംഗത്തിൽ ഈ പരിധി 15 ലക്ഷമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കേരള മോട്ടോർ വാഹന നികുതി നിയമത്തിൽ ഭേദഗതി വരുത്തി 2022ലെ ഉത്തരവ് തിരുത്തി സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയത്.
ഭിന്നശേഷിക്കാർ വാഹന രജിസ്ട്രേഷൻ നടത്തുമ്പോൾ ലഭ്യമാവുന്ന റോഡ് നികുതി ഇളവിന്‍റെ മാനദണ്ഡം മാറ്റണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നു. ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന വലിയ കാറുകളും സൗകര്യപ്രദമായ വാഹനങ്ങളും ഏഴുലക്ഷത്തേക്കാൾ ഉയർന്ന വിലയുണ്ട്. വലിയ വാഹനം വാങ്ങുന്നവർക്ക് കൂടി നികുതിയിളവ് പുനഃക്രമീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
ഭിന്നശേഷിക്കാർക്ക് അത്യാവശ്യം വേണ്ട വീൽ ചെയർ ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ടുപോകാൻ കഴിയുന്ന വാഹനത്തിന് വിപണിയിൽ ഏഴു ലക്ഷത്തിന് മുകളിലാണ് വില. നികുതി ആനുകൂല്യം നൽകാനുള്ള പരമാവധി വില ഏഴുലക്ഷത്തിൽനിന്ന് ഉയർത്തണമെന്ന് ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. അതോടൊപ്പം വൻതുക ജി.എസ്.ടി നൽകുന്നതിൽനിന്ന് ഇളവു നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. പലവട്ടം ഇതുസംബന്ധിച്ച് നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
എൽ.ഡി.എഫ് സർക്കാർ മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആന്റണി രാജു ഗതാഗത മന്ത്രിയായിരിക്കെയാണ് നികുതി ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.