ശശി തരൂർ
ഐ.ഡി.എസ്.എഫ്.എഫ്.കെ: പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ തരൂർ
ന്യൂഡൽഹി: തിരുവനന്തപുരത്ത് നടക്കുന്ന 18ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹ്രസ്വചിത്ര മേളയിലേക്ക് (ഐ.ഡി.എസ്.എഫ്.എഫ്.കെ) തിരഞ്ഞെടുത്ത 31 സിനിമകൾക്ക് പ്രദർശനാനുമതി ലഭിക്കാത്തതിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി ശശി തരൂർ.
ലോക സിനിമയിലെ മികച്ച സൃഷ്ടികൾക്ക് ഇടം നൽകുന്ന ഇന്ത്യയുടെ അഭിമാനകരമായ പാരമ്പര്യത്തെ വഞ്ചിക്കുന്നതാണ് ഈ തീരുമാനമെന്ന് പ്രദർശനാനുമതി നിഷേധിച്ചുള്ള പത്രവാർത്ത പങ്കുവെച്ച് തരൂർ എക്സിൽ കുറിച്ചു. 31 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച വിവരമറിഞ്ഞ് ഞെട്ടിപ്പോയി.
നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്തുകളിലൊന്നായ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണം കൂടിയാണിത്. ലോകമെമ്പാടുമുള്ള കലാകാരന്മാർ, സിനിമാ പ്രവർത്തകർ, എഴുത്തുകാർ എന്നിവർക്കിടയിൽ ഇന്ത്യക്കുള്ള സൽപേരിന് ഈ നടപടി വലിയ ആഘാതമുണ്ടാക്കുമെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം എക്സിൽ കുറിച്ചു.
തരൂരിന്റെ വിമർശനത്തിന് പിന്നാലെ, മേളയിലെ ഒരു ചിത്രത്തിനും പ്രദർശനാനുമതി നിഷേധിച്ചിട്ടില്ലെന്നും പല ചിത്രങ്ങളും വിവിധ മന്ത്രാലയങ്ങളുടെയും അതോറിറ്റികളുടെയും പരിശോധനയിലാണെന്നും അവലോകനത്തിന് ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും വ്യക്തമാക്കി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രംഗത്തുവന്നു.
മേളക്കായി ചലച്ചിത്ര അക്കാദമി സമർപ്പിച്ച 347 ചിത്രങ്ങളിൽ 20 എണ്ണം വിദേശകാര്യ മന്ത്രാലയത്തിന്റെയും നാലെണ്ണം ആഭ്യന്തര മന്ത്രാലയത്തിന്റെയും, ഓരോന്ന് വീതം പ്രതിരോധ മന്ത്രാലയത്തിന്റെയും സെൻസർ ബോർഡിന്റെയും പരിശോധനയിലാണ്. ആറ് ചിത്രങ്ങളുടെ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.