കെ. മുരളീധരൻ
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങൾ ഇനി വ്യക്തമായി കാണാം; ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി സമയവും പൊതുജനങ്ങൾക്ക് വ്യക്തമായി കാണുംവിധം പ്രദർശിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ആസ്ഥാന ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
പല ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാർ ആശുപത്രികളിലില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണെന്നും പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഓരോ സ്ഥാപനത്തിലും അനുവദിച്ചിട്ടുള്ള ഡോക്ടർമാരുടെ ആകെ തസ്തിക, നിലവിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ തസ്തികയിലെ ഒഴിവുകളുടെ എണ്ണം എന്നിവ പ്രദർശിപ്പിക്കണം. ഓരോ ഡോക്ടറുടെയും ഒ.പി/കൺസൾട്ടേഷൻ സമയക്രമവും വ്യക്തമായി രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു. ഈ വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ പുതുക്കണം.
ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസറെയും (വിജിലൻസ്) ആശുപത്രി സൂപ്രണ്ടിനെയും പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ ഫോൺ നമ്പറും നിർബന്ധമായും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ നിർദേശത്തിലുണ്ട്.
അതേസമയം, സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മരുന്ന് മുടങ്ങില്ലെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മരുന്ന് വിതരണം വേഗത്തിലാക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും മരുന്നുകൾ കുറവുണ്ടെങ്കിൽ അത് കാരുണ്യവഴി ലോക്കൽ പർച്ചേസ് നടത്താനും എല്ലാ സ്ഥാപന മേധാവികൾക്കും നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കാരണം പർച്ചേസ് ഓർഡർ നൽകുന്നത് വൈകിയതും പശ്ചിമേഷ്യൻ യുദ്ധവുമാണ് നിലവിൽ ചില മരുന്നുകളുടെ വിതരണത്തെ ബാധിച്ചിട്ടുള്ളത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് സാധാരണ ഏപ്രിലിൽ നടപടികൾ പൂർത്തിയാക്കി മേയ് മാസത്തോടെ പർച്ചേസ് ഓർഡറുകൾ നൽകുന്നതാണ് പതിവ്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം ഏപ്രിൽ പർച്ചേസ് ഓർഡർ നൽകിയില്ല. തുടർന്ന് പുതിയ സർക്കാർ അധികാരത്തിന് എത്തിയ ശേഷമാണ് ഈ നടപടികൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.